പത്താന്‍കോട്ട് ആക്രമണം; തിരച്ചില്‍ അവസാനിച്ചു

പത്താന്‍കോട്ട്: ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ സുരക്ഷാ സേന തിരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ പത്താന്‍കോട്ട് ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ അതീവ ജാഗ്രത തുടരും. രണ്ട് ദിവസം മുമ്പ് സൈനിക യൂനിഫോമില്‍ രണ്ട് പേരെ കണ്ടുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണിത്.
അതിനിടെ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപെട്ട് വിശദമായി ചോദ്യം ചെയ്യുന്നതിനായി ഗുര്‍ദാസ്പൂര്‍ പോലിസ് സൂപ്രണ്ട് സല്‍വിന്ദര്‍ സിങിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡല്‍ഹിക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച ഇദ്ദേഹം എന്‍ഐഎ മുമ്പാകെ ഹാജരാവണം. പത്താന്‍കോട്ട് ആക്രമണം നടന്നതിന്റെ തൊട്ടുമുമ്പ് ഇദ്ദേഹത്തെ സുഹൃത്തിനും പാചകക്കാരനുമൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. സിങിനെ എന്‍ഐഎ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ബാമിയാന്‍ ഗ്രാമത്തിലും വ്യോമതാവളത്തിലും പതിഞ്ഞ ചില കാലടികളുടെ സാമ്പിളുകള്‍ എന്‍ഐഎ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം നുഴഞ്ഞുകയറ്റത്തെക്കുറിച്ച് കുടുതല്‍ തെളിവു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ശരത്കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ച് ഇതുവരെ നടന്ന അന്വേഷണങ്ങളുടെ വിശദവിവരം ധരിപ്പിച്ചു. അക്രമികള്‍ വധിച്ച ടാക്‌സി ഡ്രൈവര്‍ ഇകാഗര്‍ സിങിന്റെ ഫോണ്‍ സന്ദേശങ്ങളുടെ വിവരവും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.
മൂന്നു കേസുകളാണ് ആക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തത്. അക്രമികള്‍ 20നും 30നും വയസ്സിനിടയിലുള്ളവരാണെന്ന് അവരുടെ ശരീരാവയങ്ങള്‍ പരിശോധിച്ചതിലൂടെ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. അവയവങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര റിസര്‍വ് പോലിസ് സേന, ഡല്‍ഹി പോലിസ്, പാര്‍ലമെന്റിലെ വാച്ച് ആന്റ് വാര്‍ഡ്, രഹസ്യാന്വേഷണ ബ്യൂറോ എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സുരക്ഷാ സംവിധാനം സംബന്ധിച്ച് സ്പീക്കര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it