പത്താന്‍കോട്ട് അന്വേഷണസംഘത്തെ പാകിസ്താനില്‍ പ്രവേശിപ്പിക്കില്ല

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘത്തെ പാകിസ്താനിലെത്തി തെളിവെടുക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുമായുള്ള എല്ലാ സമാധാന ചര്‍ച്ചകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. പത്താന്‍കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. അത് ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇന്ത്യയാണ് മേഖലയിലെ അസ്വാരസ്യങ്ങള്‍ക്കു കാരണം. ജമ്മുകശ്മീര്‍ തര്‍ക്കമാണ് അവിശ്വാസത്തിന് മൂലകാരണം. ഇന്ത്യ യാതൊരു സഹകരണത്തിനും ഒരുക്കമല്ല. പാകിസ്താനില്‍ ഇന്ത്യ അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ തെളിവാണ് ബലൂചിസ്താനില്‍ നിന്നു റോ ഉദ്യോഗസ്ഥനെ പിടികൂടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പാക് ബന്ധമാരോപിച്ച ഇന്ത്യ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 27ന് ഇന്ത്യയിലെത്തിയ പാക് അന്വേഷണസംഘം പത്താന്‍കോട്ട് സന്ദര്‍ശിച്ചു. ഇവര്‍ ഡല്‍ഹിയില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സിയുമായി ചര്‍ച്ചയും നടത്തിയിരുന്നു. ഇതിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് കേന്ദ്രസര്‍ക്കാരിന് നേരിടേണ്ടിവന്നത്. എന്നാല്‍ വ്യോമതാവളം സന്ദര്‍ശിച്ച പാക് അന്വേഷണസംഘത്തിനു മുമ്പില്‍ ആക്രമണത്തിനു സാക്ഷികളായ ഇന്ത്യന്‍ സുരക്ഷാ സേനാംഗങ്ങളെ ഹാജരാക്കിയിരുന്നില്ലെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തിയിരുന്നു.
പരസ്പര ധാരണ അടിസ്ഥാനമാക്കിയല്ല പാകിസ്താനില്‍നിന്ന് അന്വേഷണസംഘം ഇന്ത്യയിലെത്തിയത്. പത്താന്‍കോട്ട് ആക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കുന്ന പാകിസ്താന്‍ സംഘത്തിന്റെ റിപോര്‍ട്ട് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടു പ്രതികരിക്കാനില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിഷയത്തില്‍ പാകിസ്താന്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോവുന്നതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ചാരനെന്നാരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്തയാളെ കോണ്‍സുലര്‍ കസ്റ്റഡിയില്‍ വയ്ക്കണമെന്ന ആവശ്യത്തോട് പാക് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it