Flash News

പത്താന്‍കോട്ട് അന്വേഷണം: പാകിസ്താന്‍ ആവശ്യത്തിന് സമയമെടുക്കട്ടെയെന്ന് അമേരിക്ക

പത്താന്‍കോട്ട് അന്വേഷണം: പാകിസ്താന്‍ ആവശ്യത്തിന് സമയമെടുക്കട്ടെയെന്ന് അമേരിക്ക
X
JohnKirbyPentagon

വാഷിങ്ടണ്‍ : പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം പാകിസ്താന്‍ ആവശ്യത്തിന് സമയമെടുത്ത്് നടത്തട്ടേയെന്ന്് അമേരിക്ക. അന്വേഷണത്തില്‍ എത്രത്തോളം സമയമെടുക്കാമെന്നും എത്രത്തോളം സുതാര്യത പാലിക്കുന്നു എന്നതുമൊക്കെ ഇപ്പോള്‍ പറയാനാവില്ലെന്നും യു എസ് വിദേശകാര്യ വകുപ്പ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മറ്റൊരാള്‍ നടത്തുന്ന അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും കിര്‍ബി വ്യക്തമാക്കി. എല്ലാ അന്വേഷണങ്ങളും കഴിയുന്നത്ര വേഗത്തില്‍ ആകണമെന്നും പൂര്‍ത്തിയായാല്‍ സുതാര്യതയോടെ ചര്‍ച്ചചെയ്യണമെന്നുമാണ്് നാമെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം എത്രനാള്‍ നീളുമെന്ന്് തീരുമാനിക്കേണ്ടത് പാകിസ്താന്‍ സര്‍ക്കാരാണെന്നും കിര്‍ബി പറഞ്ഞു.
ആക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവാസ് ശരീഫിന്റെ അധ്യക്ഷതയില്‍ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍  രണ്ടു ദിവസമായി ചേര്‍ന്ന ഉന്നതതലയോഗത്തിനു പിന്നാലെയായിരുന്നു ഈ തീരുമാനം.
ആക്രമണം ആസൂത്രണം ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയെന്നും ഇതില്‍ എടുക്കുന്ന നടപടികളെ ആശ്രയിച്ചായിരിക്കും പാകിസ്താനുമായി ഇനിയുള്ള ചര്‍ച്ചകളെന്നു വ്യക്തമാക്കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് പാക് സുരക്ഷാ ഉപദേഷ്ടാവ് മുന്‍ ജനറല്‍ നാസര്‍ ഖാന്‍ ജന്‍ജുവയ്ക്കു നേരിട്ടു വിവരങ്ങള്‍ കൈമാറിയത്. ശബ്ദ സാംപിള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
ഭീകരതയ്‌ക്കെതിരേ പോരാടാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുമെന്ന് നവാസ് ശരീഫ് യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ അപൂര്‍ണമാണെന്നാണ് ചില പാക് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Next Story

RELATED STORIES

Share it