kasaragod local

പത്താംതരക്കാര്‍ക്ക് പഠന വെളിച്ചമേകി ലാമ്പും ഹലോ ടീച്ചറും

കാസര്‍കോട്: ജില്ലയിലെ പത്താംതരക്കാര്‍ക്ക് ഉന്നത വിജയം ലക്ഷ്യമിട്ട് പഠന പിന്തുണയുമായി ജില്ലാ പഞ്ചായത്ത് ലാമ്പ് (ലൈവ് അസിസ്റ്റന്റ്‌സ് ഫോര്‍ മാക്‌സിമം പെര്‍ഫോമന്‍സ്) പദ്ധതി നടപ്പിലാക്കുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയെ ലക്ഷ്യമാക്കിയുള്ള ഈ പദ്ധതി പഠന നിലവാരമുയര്‍ത്തി സംസ്ഥാന തലത്തില്‍ മികച്ച സ്ഥാനം നേടുന്നതിന് കൂടിയാണ് വിഭാവനം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളെ പരീക്ഷ സംബന്ധമായി പ്രചോദിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനും ജില്ലയിലെ മുഴുവന്‍ സ്‌ക്കൂളുകളിലും മോട്ടിവേഷന്‍ ആന്റ് കൗണ്‍സിലിങ് ക്ലാസുകള്‍ ഈ പദ്ധതിയുടെ ഭാഗമായി നടത്തും. ഇതിനായി 50 വിദഗ്ദപരിശീലകരുടെ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
ഈമാസം 30 വരെ 315 ബാച്ചുകളിലായി 17613 വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ പരിശീലനം ലഭിക്കും. കുട്ടികള്‍ക്ക് പരീക്ഷക്കാലത്ത് വിദഗ്ധ ഉപദേശങ്ങള്‍ നല്‍കുന്നതിനായി ഹലോ ടീച്ചര്‍ എന്ന പരിപാടിയും ഇതിനോടൊപ്പം ഉണ്ടാകും. എല്ലാ വിഷയത്തിലേയും സമര്‍ത്ഥരായ 35 ഓളം അധ്യാപകരടങ്ങളുന്ന സംഘമാണ് ഹലോ ടീച്ചറിന്റെ ടീമിലുള്ളത്.
ഫെബ്രുവരി ഒന്നുമുതല്‍ പരീക്ഷ തീരും വരെയുള്ള എല്ലാ ദിവസങ്ങളിലും രാത്രി ഏഴു മുതല്‍ ഒമ്പതര വരെ ഫോണിലൂടെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി ഓരോ വിഷയത്തിന്റെ അധ്യാപകനേയും വിളിക്കാം.
പഠന പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായി മനശാസ്ത്ര വിദഗ്ദരുടെ സേവനവും ഹലോ ടീച്ചറിലൂടെ കുട്ടികള്‍ക്ക് ലഭിക്കും. മികച്ച പരീക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ മാതൃകാ പരീക്ഷകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസപരമായി മുന്നാക്കക്കാരേയും, പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളേയും ഒരുപോലെ ലക്ഷ്യം വച്ച് കൊണ്ടുള്ള ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പരിശീലന പരിപാടികള്‍ വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കാസര്‍കോട്, ഐടി അറ്റ് സ്‌കൂള്‍ കാസര്‍കോട് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്.
Next Story

RELATED STORIES

Share it