പത്തനാപുരത്ത് സിനിമാസ്റ്റൈല്‍ പോരാട്ടം

പത്തനാപുരത്ത് സിനിമാസ്റ്റൈല്‍ പോരാട്ടം
X
pathanapuram

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: വെള്ളിത്തിരയില്‍ കണ്ടുപരിചയമുള്ള സിനിമാതാരങ്ങള്‍ വീട്ടില്‍ വോട്ടുതേടിയെത്തുന്ന രംഗമാണ് പത്തനാപുരത്ത് ദൃശ്യമാവുന്നത്. പൂര്‍ണമായും മുന്നണി സ്ഥാനാര്‍ഥികളെല്ലാം സിനിമാതാരങ്ങളായ സംസ്ഥാനത്തെ ഏക മണ്ഡലം കൂടിയാണ് പത്തനാപുരം. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ആവേശമായി മാറിയിരിക്കുകയാണ്.
എല്‍ഡിഎഫിനുവേണ്ടി സിറ്റിങ് എംഎല്‍എ കേരള കോണ്‍ഗ്രസ് (ബി)യിലെ ഗണേഷ്‌കുമാറും യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജഗദീഷും കളത്തിലിറങ്ങിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി കളത്തിലിറക്കിയിരിക്കുന്നത് ഭീമന്‍ രഘുവിനെയാണ്. ഇവര്‍ക്ക് പുറമെ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി അഡ്വ. ഫൈസി എം പാഷയും പോരിനുണ്ട്. ഇടതനെയും വലതനെയും മാറി മാറി ഭരണ സിരാകേന്ദ്രത്തിലേക്ക് അയച്ച തിരഞ്ഞെടുപ്പ് ചരിത്രമാണ് മലയോര പട്ടണത്തിനുള്ളത്. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഏട്ട് പഞ്ചായത്തുകളാണ് ഉള്ളത്.
കിഴക്കന്‍ മേഖലയിലെ ആര്യങ്കാവും തെന്‍മലയും കഴിഞ്ഞ തവണ പുനലൂരിലേക്ക് വിട്ടുകൊടുത്തിട്ട് വെട്ടിക്കവലയും മേലിലയും ഒപ്പം ചേര്‍ക്കുകയും ചെയ്തു. ഇതിനുപുറമെ കോ ണ്‍ഗ്രസ്സിന് ഏറെ സ്വാധീനമുള്ള തലവൂരും പട്ടാഴിയും പിറവന്തൂരും ഇടത് പാരമ്പര്യമുള്ള വിളക്കുടിയും പത്തനാപുരവും പട്ടാഴി വടക്കും ചേരുമ്പോള്‍ പത്തനാപുരം മണ്ഡലത്തിന്റെ ചിത്രം ഏറെക്കുറെ പൂര്‍ണമാവും.
കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബി ഗണേഷ്‌കുമാര്‍ ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാറിയതോടെ മണ്ഡലത്തിലെ സ്പന്ദനവും മാറിയിട്ടുണ്ട്. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ജനങ്ങ ള്‍ കാട്ടുന്ന ആവേശം വോട്ടായി മാറുമെന്നാണ് ഗണേഷ്‌കുമാറിന്റെ കണക്കുകൂട്ടല്‍. മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതനായ അദ്ദേഹത്തിന്റെ വ്യക്തിബന്ധം വിജയത്തിലെത്തിക്കുമെന്ന് കരുതുന്നവരും കുറവല്ല.
ജഗദീഷും ഭീമന്‍രഘുവും അഡ്വ. ഫൈസി എം പാഷയും അവസാനഘട്ട പ്രചാരണത്തിലാണ്. ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ജഗദീഷിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ചുക്കാന്‍പിടിക്കുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പത്തനാപുരത്ത് പ്രചാരണത്തിനിറങ്ങിയിട്ടുള്ളതും ശ്രദ്ധേയമാണ്.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജഗദീഷ് വോട്ടര്‍മാരെ കാണുന്നത്. എട്ട് പഞ്ചായത്തുകളില്‍ ഏഴും ഇടതിനൊപ്പമായിരുന്നു. വെട്ടിക്കവല പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം വന്നെങ്കിലും നറുക്കിലെ ഭാഗ്യം യു ഡിഎഫിനെ പിന്തുണച്ചു. ക്രിസ്ത്യന്‍, മുസ്‌ലിം വോട്ടുകളാണ് ഭൂരിപക്ഷമെങ്കിലും എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ചെറുതല്ലാത്ത സ്വാധീനം മണ്ഡലത്തിലുണ്ട്. ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ട് എല്‍ഡിഎഫ് ബന്ധം സ്ഥാപിച്ച ശേഷമുള്ള അസംബ്ലി തിരഞ്ഞെടുപ്പായതിനാല്‍ പത്തനാപുരത്ത് വിജയിക്കേണ്ടത് പിള്ളയുടെ കൂടി ആവശ്യമാണ്. കഴിഞ്ഞ തവണ 20,402 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ബി ഗണേശ്കുമാര്‍ വിജയിച്ചത്.
Next Story

RELATED STORIES

Share it