Kollam Local

പത്തനാപുരത്തും മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; ലോണ്‍ അടച്ച് തീര്‍ത്ത വനിതകള്‍ക്ക്  ബാങ്കിന്റെ ജപ്തി ഭീഷണി

പത്തനാപുരം:എസ്എന്‍ഡിപി പത്തനാപുരം യൂനിയനിലെ മൈക്രോ ഫിനാന്‍സ് യൂനിറ്റുകള്‍ ലോണെടുത്ത തുകയും പലിശയും അടച്ച്തീര്‍ത്തിട്ടും ബാങ്കും റവന്യൂ അധികൃതരും ജപ്തി ഭീഷണി നടത്തുന്നതായി പരാതി. പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എസ് ശശികല, പുന്നല ശാഖ മുന്‍ കണ്‍വീനര്‍ ഉദയന്‍, ഐശ്വര്യ സ്വയംസഹായ സംഘം പ്രസിഡന്റ് ജി രത്‌നമ്മ, സെക്രട്ടറി സുധര്‍മ്മ ഭാസി പൊതുപ്രവര്‍ത്തകരായ പുന്നല ഉല്ലാസ് കുമാര്‍, ജയചന്ദ്രന്‍ എന്നിവരും മൈക്രോ ഫിനാന്‍സ് യൂനിറ്റിലെ പത്തോളം അംഗങ്ങളുമാണ് ആരോപണമുന്നയിച്ചത്. ഇത് സംബന്ധിച്ച് പത്തനാപുരം പോലിസില്‍ പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. 2010 ആഗസ്ത് ആറിന് ഐശ്വര്യ യൂനിറ്റിന് രണ്ട് ലക്ഷം രൂപയുടെ ചെക്കാണ് യൂനിയന്‍ ഭാരവാഹികള്‍ നല്‍കിയത്. ഇത് തങ്ങളടെ യൂനിറ്റിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. സെപ്തംബര്‍ മാസം മുതല്‍ 10000 രൂപ വീതം മുതലും പലിശയുമായി 230000 രൂപ 2012 ജൂലൈ 10ന് അടച്ച് തീര്‍ത്ത് യൂനിയന്‍ ഭാരവാഹികളില്‍ നിന്ന് ക്ലോസ് ചെയ്ത രേഖയും വാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായതെന്ന് ഇവര്‍ പറയുന്നു. അന്നത്തെ എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റ് എ വി മുരളീധരന്‍, സെക്രട്ടറി എന്‍ വി അശോക് കുമാര്‍, വൈസ് പ്രസിഡന്റ് എന്‍ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് നിരവധി രേഖകളില്‍ ഒപ്പിട്ടാണ് തുക നല്‍കിയത്. തങ്ങള്‍ക്ക് അനുവദിച്ചത് 250000 രൂപയാണെന്നും ബാക്കി 50000 രൂപ യൂനിറ്റിന് നല്‍കാതെ ഇവര്‍ തിരിമറി നടത്തിയെന്നും മനസിലായത്. ഈ തുകയും പലിശയും അടക്കം ഇപ്പോള്‍ 86000 രൂപ അടക്കണമെന്നാണ് ജപ്തി നോട്ടീസില്‍ പറയുന്നത്. ഇത് സംബന്ധിച്ച് നിലവിലെ യൂനിയന്‍ ഭാരവാഹികളോട് പറഞ്ഞപ്പോള്‍ ഇത് നിങ്ങള്‍ തന്നെ അടക്കണമെന്ന് പറഞ്ഞ് ഓഫിസില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പത്തനാപുരം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വരും ദിവസങ്ങളില്‍ യൂനിയന്‍ ഓഫിസ് ഉപരോധമുള്‍പ്പെടെ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുവാനാണ് തീരുമാനമെന്നും കോടതിയെ സമീപിക്കുമെന്നും ഇവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it