പത്തനാപുരം: എല്‍ഡിഎഫിനെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: 'നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് മല്‍സരിക്കാന്‍ ഇടതുപക്ഷത്തിന് സ്വന്തമായി ആണ്‍കുട്ടികളെ ഇതുവരെ കിട്ടിയില്ലെന്നോ' എന്ന ചോദ്യവുമായി ചലച്ചിത്ര താരവും ഇടത് സഹയാത്രികനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്തനാപുരത്ത് എല്‍ഡിഎഫിനു വേണ്ടി കേരളാകോണ്‍ഗ്രസ്(ബി) പ്രതിനിധിയായ കെ ബി ഗണേശ് കുമാര്‍ മല്‍സരിക്കും എന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇടതുപക്ഷത്തെ നേരിട്ടും ഗണേശ് കുമാറിനെ പരോക്ഷമായും വിമര്‍ശിച്ച് ജോയ് മാത്യു പോസ്റ്റിട്ടിരിക്കുന്നത്.
ജോയ് മാത്യുവിനെ അനുകൂലിച്ച് ഇടതുപക്ഷ അണികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 'ജോയേട്ടാ ഇത് ഞാനടക്കമുള്ള പാര്‍ട്ടി അണികളുടെ ചോദ്യമാണ്. നിങ്ങള്‍ ചോദിച്ചതു കൊണ്ട് ഇത് എങ്ങനെയെങ്കിലും നേതൃത്വം അറിയും. പറയാന്‍ മടിക്കുന്ന നാവും ഉയരാന്‍ മടിക്കുന്ന കൈയും അടിമത്തത്തിന്റേതാണ്' എന്ന ഒരു വ്യക്തിയുടെ കമന്റിന് 'നിങ്ങളൊരു യഥാര്‍ഥ സഖാവാണ്' എന്നും ജോയ് മാത്യു മറുപടി നല്‍കിയിട്ടുണ്ട്. 'ഒരു പാലം ആവുമ്പോ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ ജോയേട്ടാ. അങ്ങനെ കരുതിയാല്‍ മതി. ജയിക്കുന്ന ടീംസ് ഉണ്ടാരുന്നേ കുഴപ്പമില്ല. തോറ്റ ചരിത്രം മാത്രേ ഉള്ളു. അപ്പൊ ഈ വട്ടം എങ്കിലും ഒന്ന് അടുപ്പിക്കാന്‍ നോക്കുമ്പോ നിങ്ങ ഇടംകോല് ഇടാതെ' എന്ന മറ്റൊരു വ്യക്തിയുടെ കമന്റിന് 'അതിന് ഇതു പാലമല്ലല്ലോ, പത്തനാപുരമല്ലേ'യെന്നാണ് ജോയ് മാത്യു മറുപടി നല്‍കിയിരിക്കുന്നത്.
നടന്‍ ജഗദീഷിനെയാണ് പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ പത്തനാപുരത്ത് രാഷ്ട്രീയപോരാട്ടത്തേക്കാള്‍ ഉപരി താരപോരാട്ടത്തിനാവും കളമൊരുങ്ങുക.
Next Story

RELATED STORIES

Share it