Pathanamthitta local

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ശനിദശ മാറുന്നു; ഓപറേഷന്‍ തിയേറ്റര്‍ ഉടന്‍ തുറക്കും

പത്തനംതിട്ട: ഏറെ നാളത്തെ നാട്ടുകാരുടെ പരാതികള്‍ക്കു പരിഹാരമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ശനിദശ മാറുന്നു. ജനറല്‍ ആശുപത്രിയില്‍ 31നകം പ്രധാന ഓപറേഷന്‍ ഉടന്‍ തുറക്കുന്നതിന് ജനറല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ഇതോടൊപ്പം ലാബ്, എക്‌സ്‌റേ-സിടി സ്‌കാന്‍ യൂനിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.
ഉപയോഗശൂന്യമായതിനാല്‍ പൂട്ടിയിട്ടിരിക്കുന്ന കക്കൂസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കും.
ആശുപത്രി പരിസരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടം നിര്‍മിക്കുകയും ഇരിപ്പിടങ്ങള്‍ സജീകരിക്കുകയും ചെയ്യും. നിലവിലെ സുരക്ഷാ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സൈനികക്ഷേമ വകുപ്പുവഴി സുരക്ഷാ ജീവനക്കാരെ നിയമിക്കാനും ധാരണയായി. നിലവിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ കോണ്‍ട്രാക്ട് നവംബറില്‍ അവസാനിച്ചിരുന്നു.
ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിനായി പുറംകരാര്‍ അടിസ്ഥാനത്തില്‍ വ്യക്തിയെയോ ഏതെങ്കിലും ഏജന്‍സിയെയോ നിയമിക്കും. ആശുപത്രിയില്‍ കീടനിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കും.
ഫാര്‍മസിയില്‍ അനുഭവപ്പെടുന്ന നീണ്ട ക്യൂ കുറയ്ക്കുന്നതിനായി ഒപി ക്യാബിനില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇവയ്ക്കു സമീപം ഇരിപ്പിടങ്ങളും സജ്ജീകരിക്കും. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ റിവേഴ്‌സ് ഓസ്‌മോസിസ് സംവിധാനത്തില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനാവശ്യമായ തുക എച്ച്എംസി അക്കൗണ്ടില്‍ മിച്ചമുള്ള 36 ലക്ഷത്തില്‍ നിന്ന് ചെലവഴിക്കും. 22.5 ലക്ഷം രൂപ മുതല്‍ മുടക്കി സ്ഥാപിച്ച ഡിജിറ്റല്‍ദന്തല്‍ എക്‌സ്‌റേകളുടെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും.
ഒപി കാബിന്‍, ഇമേജ് കാബിന്‍ എന്നിവയുടെ നിര്‍മാണത്തിനായി ജില്ലാ നിര്‍മിതി കേന്ദ്രം നല്‍കിയ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഗ്രീന്‍ മെതേര്‍ഡ് കമ്പനിയുടെ അപേക്ഷയില്‍മേല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ യോഗം ചുമതലപ്പെടുത്തി. ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി അനിതകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ശ്രീലത സംബന്ധിച്ചു.
ശബരിമല തീര്‍ഥാടന കാലമെത്തിയിട്ടും പത്തനംതിട്ട ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
സൗകര്യങ്ങളെല്ലാമുണ്ടായിട്ടും അധികൃതരുടെ അനാസ്ഥയാണ് പ്രശ്‌നമെന്ന ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടികളെടുക്കാന്‍ തയ്യാറായത്.
Next Story

RELATED STORIES

Share it