പത്തനംതിട്ട: ആറന്മുള ഫോട്ടോഫിനിഷിലേക്ക്; റാന്നിയില്‍ വാശിയേറിയ പോരാട്ടം

എസ് നിസാര്‍

പത്തനംതിട്ട: ചരിത്ര വിജയമെന്ന് എല്‍ഡിഎഫ്. ചരിത്രം തിരുത്തിക്കുറിക്കുന്ന വിജയമെന്ന് യുഡിഎഫ്. ചരിത്രം സൃഷ്ടിക്കുമെന്ന് എന്‍ഡിഎ. പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള മുന്നണികളുടെ പ്രഖ്യാപനങ്ങള്‍ ഇതാണ്.
കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. മറ്റ് നാലു മണ്ഡലങ്ങളിലും വ്യക്തമായ മുന്‍തൂക്കം ആര്‍ക്കും അവകാശപ്പെടാനാവാതെയാണ് പ്രചാരണം ഇന്നലെ കൊട്ടിക്കലാശിച്ചത്. ആറന്മുളയിലാണ് ഗ്ലാമര്‍ പോര്. യുഡിഎഫിലെ കെ ശിവദാസന്‍ നായരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് നേരിടുമ്പോള്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശാണ് എന്‍ഡിഎ സാരഥി. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി ശ്രീകാന്ത് എം വള്ളാക്കോടും മല്‍സരിക്കുന്ന മണ്ഡലത്തില്‍ ഫോട്ടോ ഫിനിഷിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
റാന്നി മണ്ഡലത്തില്‍ അഞ്ചാം തവണ കച്ചകെട്ടുന്ന എല്‍ഡിഎഫിലെ രാജു എബ്രഹാമിനെ മുന്‍ എംഎല്‍എ എം സി ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനാണ് നേരിടുന്നത്. എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ ഡോ. ഫൗസീന തക്ബീര്‍ മികച്ച നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് ഉറച്ച വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് അടൂര്‍ പ്രകാശ് മല്‍സരിക്കുന്ന കോന്നി. ആര്‍ സനല്‍കുമാറാണ് ഇടതു സ്ഥാനാര്‍ഥി.
611 വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട അടൂര്‍ ഇക്കുറി തിരിച്ചുപിടിക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ചിറ്റയം ഗോപകുമാറിന് ഒരവസരം കൂടി ലഭിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍ പിടിക്കുന്ന വോട്ടുകള്‍ അന്തിമഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. കരുത്തരുടെ പോരാട്ടമാണ് തിരുവല്ലയെ ശ്രദ്ധേയമാക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിക്കെതിരേ എല്‍ഡിഎഫിലെ മാത്യു ടി തോമസ് പാടുപെടുകയാണ്. അന്തരിച്ച എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബിന്റെ മകള്‍ അഡ്വ. സിമി എം ജേക്കബാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it