പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഎസ് പ്രസിഡന്റ് ക്യൂബയിലേക്ക്

ഹവാന: ഒമ്പതു പതിറ്റാണ്ടിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎസ് പ്രസിഡന്റ് ക്യൂബന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായാണ് ബരാക് ഒബാമ ക്യൂബയിലെത്തുന്നത്.
ക്യൂബയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുകയെന്നതാണ് ഒബാമയുടെ സന്ദര്‍ശന ലക്ഷ്യം. 21, 22 തിയ്യതികളിലായാണ് ഒബാമ ഇവിടെയത്തുന്നത്. ട്വിറ്ററിലൂടെയാണ് തന്റെ സന്ദര്‍ശനം സംബന്ധിച്ച് പ്രസിഡന്റ് അറിയിച്ചത്. 14 മാസം മുമ്പ് തന്നെ താന്‍ ക്യൂബന്‍ സന്ദര്‍ശനം പദ്ധതിയിലുള്‍പ്പെടുത്തിയെന്നും കഴിഞ്ഞ 50 വര്‍ഷങ്ങളിലായി നിരവധി അമേരിക്കക്കാര്‍ ക്യൂബ സന്ദര്‍ശിക്കുന്നുണ്ടെന്നും ഒബാമ വ്യക്തമാക്കി.
88 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ക്യൂബ സന്ദര്‍ശിക്കുന്നത്. 1928ല്‍ കാല്‍വിന്‍ കൂളിജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന യുഎസ് പ്രസിഡന്റ്. ദ്വിദിന സന്ദര്‍ശനത്തിനാണ് ഒബാമയെത്തുന്നത്. മാസങ്ങള്‍ക്കു മുമ്പ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. ഒബാമയുടെ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തിന് വിരാമമാവും.
നിരവധി വിഷയങ്ങളില്‍ ക്യൂബയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഒബാമ ട്വിറ്ററില്‍ കുറിച്ചു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ഒബാമ കൂടിക്കാഴ്ച നടത്തും. ഭാര്യ മിഷേലും ഒബാമയെ അനുഗമിക്കുന്നുണ്ട്. ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ഒബാമ അര്‍ജന്റീനയിലേക്ക് പോവും.
Next Story

RELATED STORIES

Share it