Kollam Local

പതിമൂന്ന് കണ്ണറ പാലത്തിന്റെ ജാക്കറ്റിങ് അവസാന ഘട്ടത്തില്‍

കൊല്ലം:പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയില്‍ കഴുതുരുട്ടിക്ക്സമീപമുള്ളപതിമൂന്ന് കണ്ണറ പാലത്തിന്റെ ജാക്കറ്റിങ് അവസാനഘട്ടത്തില്‍. ബ്രോഡ്‌ഗേജ് നിര്‍മാണത്തിന്റെ ഭാഗമായി പാലത്തിന്റെ നാലുവശവും ജാക്കറ്റിങ് ചെയ്ത് ബലപ്പെടുത്തുന്നതിനുള്ള പണികള്‍ കഴിഞ്ഞ ജനുവരിയിലാണ് ആരംഭിച്ചത്.
13 തൂണുകളുടെയും ജാക്കറ്റിങ് ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ആര്‍ച്ചുകളുടെ ജാക്കറ്റിങ്ങും തുടങ്ങിക്കഴിഞ്ഞു. പാലത്തിന്റെ തനിമ നിലനിര്‍ത്തി മാത്രമെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയുള്ളൂവെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. 108 വര്‍ഷം പിന്നിട്ട കരിങ്കല്ലില്‍ ആര്‍ച്ച് രൂപത്തില്‍ നിര്‍മിച്ചതാണ് ഈ പാലം.
ചുണ്ണാമ്പ് മിശ്രിതത്തില്‍ ചതുരത്തിലുള്ള കരിങ്കല്ലില്‍ മനുഷ്യപ്രയത്‌നത്താല്‍ പടുത്തുയര്‍ത്തിയ ഈ പാലം കാലത്തെ വെല്ലുവിളിച്ച് ഇന്നും കോട്ടം കൂടാതെ നിലനില്‍ക്കുന്നു. ദേശീയപാതയുടെ ഓരം ചേര്‍ന്ന് കഴുതുരുട്ടിയാറിന്റെ സമീപത്തുകൂടി രണ്ടു പാറമലകളെ ബന്ധിപ്പിച്ചുള്ളതാണ് ഈ പാലം. പാലത്തില്‍ ട്രെയിന്‍ കടക്കുംമുമ്പ് കിഴക്ക് വശത്ത് ഇരു വശത്തേയും പാറ തുരന്നുള്ളതും പടിഞ്ഞാറ് വശത്ത് രണ്ട് പാറതുരങ്കങ്ങളില്‍ കയറിയുമാണ് ട്രെയിന്‍പാത പോകുന്നത്. ദേശീയപാതയുടെയും കഴുതുരുട്ടിയാറിന്‍േറയും സമീപത്തെ കൂറ്റന്‍മലകളുടേയും സാന്നിധ്യം റെയില്‍-റോഡ് മാര്‍ഗത്തിലുള്ള യാത്രക്കാര്‍ക്ക് എന്നും ഹരമായിരുന്നു. ബോളിവുഡ് സിനിമകള്‍ ഉള്‍പ്പെടെ ഈ പാലത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ റെയില്‍വേയുടെ പ്രധാന ഓഫിസുകളില്‍ പാലത്തിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇതെല്ലാം പരിഗണിച്ച് ഗേജ്മാറ്റത്തിന്റെ മുന്നോടിയായി 2008 ല്‍ ഈ പാത സന്ദര്‍ശിച്ച അന്നത്തെ റെയില്‍വേ സഹമന്ത്രി വേലു ഈ പാലത്തിന്റെ സൗന്ദര്യം നിലനിര്‍ത്തി മാത്രമേ നിര്‍മാണം നടത്തുകയുള്ളവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം വിസ്മരിച്ച് പാലം ഒരു കോണ്‍ക്രീറ്റ് അറയാക്കാനുള്ള നീക്കത്തിനെതിരേ 2012ല്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് വശം മാത്രം ജാക്കറ്റിങ് ചെയ്യാനും ദേശീയപാതയോട് ചേര്‍ന്ന ഭാഗം പഴയ രീതിയില്‍ തന്നെ നിലനിര്‍ത്താനും റെയില്‍വേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാല് വശവും കോണ്‍ക്രീറ്റ് ചെയ്താല്‍ മാത്രമെ ബലപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നാണ് റെയില്‍വേ നിലപാട്. ഇതനുസരിച്ച് കോണ്‍ക്രീറ്റ് പണികള്‍ നടക്കുന്നത്. ജാക്കറ്റിങ് പൂര്‍ത്തീകരിച്ചശേഷം കരിങ്കല്‍ പാകി തൂണുകളുടെ തനിമ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ റെയില്‍വേയുടെ ഇപ്പോഴത്തെ അവകാശവാദം.
Next Story

RELATED STORIES

Share it