Flash News

പതിനെട്ട് വര്‍ഷം രോഗക്കിടക്കയില്‍; നൂര്‍ജഹാന് ഇത് പുതുജന്മം

പതിനെട്ട് വര്‍ഷം രോഗക്കിടക്കയില്‍; നൂര്‍ജഹാന് ഇത് പുതുജന്മം
X
EKM_gl_noorjahan_walking_ekm_151219184954790കൊച്ചി: പതിനെട്ടു വര്‍ഷത്തിനുശേഷം ഭൂമിയില്‍ കാല്‍ തൊട്ടപ്പോള്‍ ഇടപ്പിള്ളി പീച്ചിങ്ങപറമ്പില്‍ നൂര്‍ജഹാന്റെ (42) സന്തോഷം അണപൊട്ടി. ഒരിക്കലും നടക്കാന്‍ കഴിയില്ലെന്നു കരുതി വിധിയെ പഴിച്ചും ദുഃഖിച്ചും കഴിഞ്ഞ നൂര്‍ജഹാനു വേണ്ടി ബന്ധുക്കളും മക്കളും ഭര്‍ത്താവും ഇടമുറിയാതെ നടത്തിയ പ്രാര്‍ഥനയും പരിശ്രമങ്ങളും ഫലംകണ്ടു. കൊച്ചി കിംസ് ആശുപത്രിയിലെ ചികില്‍സയ്ക്കും ശസ്ത്രക്രിയക്കും ശേഷം കഴിഞ്ഞ ദിവസം നൂര്‍ജഹാന്‍ സ്വന്തം കാലുകളില്‍ ബലം കൊടുത്ത് എഴുന്നേറ്റു നിന്നു. വാക്കറിന്റെ സഹായത്തോടെ ചുവടുകള്‍ വച്ചു. കണ്ടുനിന്ന ബന്ധുക്കളും ഭര്‍ത്താവ് ഹനീഫും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു.
സന്ധിവാതം മൂലം രണ്ടു കാ ല്‍മുട്ടുകളുടെയും ഇടത്തേ ഇടുപ്പ് സന്ധിയുടെയും ചലനശേഷി നഷ്ടപ്പെട്ട് 18 വര്‍ഷമായി നടക്കാനോ ഇരിക്കാനോ സാധിക്കാതെ ദുരിതപുര്‍ണമായ അവസ്ഥയില്‍ കിടപ്പിലായിരുന്നു നൂ ര്‍ജഹാന്‍. 90 ഡിഗ്രി മടങ്ങിയ നിലയില്‍ ഉറച്ചുപോയ രണ്ട് കാല്‍മുട്ടുകളിലും ഇടത്തേ ഇടുപ്പിലും അസഹനീയമായ വേദനയും അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് കൊച്ചി കിംസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗം മേധാവി ഡോ. ജോസ് ടി പാപ്പിനശ്ശേരി നൂര്‍ജഹാനെ പരിശോധിച്ചത്.
പരിശോധനയ്‌ക്കൊടുവില്‍ നൂര്‍ജഹാനെ ജോയിന്റ് റീപ്ലേസ്‌മെന്റ് (സന്ധി മാറ്റിവയ്ക്ക ല്‍) ശസ്ത്രക്രിയക്കു വിധേയമാക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഉണ്ടായിരുന്ന 15 സെന്റും വീടും വിറ്റ് മക്കളുടെ വിവാഹം നടത്തിയതിനാല്‍ ചികില്‍സയ്ക്കാവശ്യമായി വരുന്ന വലിയ തുക കണ്ടെത്താന്‍ ബന്ധുക്കള്‍ക്കു കഴിയുമായിരുന്നില്ല. ശസ്ത്രക്രിയക്കായി പണം കണ്ടെത്തുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍ ജലീല്‍ പാമങ്ങാടന്റെയും മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. ചികില്‍സച്ചെലവിന്റെ പകുതി ഭാഗം വഹിക്കാന്‍ കിംസ് ആശുപത്രി അധികൃതര്‍ സന്നദ്ധത അറിയിച്ചതോടെയാണ് ആറു ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ നടത്താനുള്ള വഴി തെളിഞ്ഞത്.
90 ഡിഗ്രി വളഞ്ഞ് മടങ്ങി ഉറച്ചുപോയ വലതു കാല്‍മുട്ട് നേരെയാക്കുന്ന സന്ധി മാറ്റിവയ്ക്കലായിരുന്നു ആദ്യഘട്ടം. ശ്രമകരമായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ ആറ് ആഴ്ചകള്‍ക്കു ശേഷം ഇടതുവശത്തെ കാ ല്‍മുട്ടും വിജയകരമായി മാറ്റിവച്ചു. തുടര്‍ന്ന് അവസാനഘട്ടത്തില്‍ ഇടത്തേ ഇടുപ്പിലെ സന്ധിയും മാറ്റിവച്ചു. മൂന്ന് സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുശേഷം നൂര്‍ജഹാന്‍ വാക്കറിന്റെ സഹായത്തോടെ നടക്കുവാന്‍ തുടങ്ങി. ഒപ്പം ഫിസിയോ തെറാപ്പിയും ആരംഭിച്ചു. ഏതാനും മാസത്തെ പരിശീലനത്തിനുശേഷം വാക്കറുപേക്ഷിച്ച് സ്വന്തം കാലില്‍ നടക്കുന്നതു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നൂര്‍ജഹാനും കുടുംബവും.
Next Story

RELATED STORIES

Share it