പതിനാലര കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

പാലക്കാട്: വില്‍പനയ്‌ക്കെത്തിച്ച 14.2 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുപ്പൂര്‍ ജില്ലയിലെ സോമനൂര്‍ കാരണംപേട്ടൈ സ്വദേശി കുട്ടി എന്ന രാജ്കുമാര്‍(34), ദിണ്ഡിഗല്‍ ബേഗംപൂര്‍ സ്വദേശി ശെല്‍വം(54) എന്നിവരെയാണ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡും ഹേമാംബിക നഗര്‍ പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന മുഖ്യകണ്ണികളാണ് ഇവരെന്ന് പോലിസ് അറിയിച്ചു. കഞ്ചാവ് കച്ചവടക്കാരെന്ന വ്യാജേന തമിഴ്‌നാട്ടില്‍ ചെന്ന് ബന്ധം സ്ഥാപിച്ച് ഷാഡോ പോലിസ് ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് പ്രതികള്‍ കഞ്ചാവുമായി ഒലവക്കോട്ടെത്തിയത്. ഒറീസ-ആന്ധ്രപ്രദേശ് അതിര്‍ത്തി പ്രദേശമായ ബാഡഗിരിയില്‍ വിളവെടുക്കുന്ന കഞ്ചാവ് വിശാഖപട്ടണത്ത് സൂക്ഷിച്ചാണ് വില്‍പന നടത്തുന്നത്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാലക്കാട് ഡിവൈഎസ്പി എം കെ സുല്‍ഫിക്കര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം എല്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്.
Next Story

RELATED STORIES

Share it