പണ്ടൊരു രാജാവുണ്ടായിരുന്നു

പണ്ടൊരു രാജാവുണ്ടായിരുന്നു
X
slug--offbeat2006ലൊരിക്കല്‍ മുംബൈ ആസ്ഥാനമായുള്ള ഐഡിബിഐ ബാങ്കിന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയില്‍ നിന്ന് ഒരു അപേക്ഷ ലഭിച്ചു. വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിനു പണം അനുവദിക്കണമെന്നായിരുന്നു ആവശ്യം. വിജയ് മല്യ കിങ്ഫിഷര്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. മല്യയുടെ ശുപാര്‍ശ ഐഡിബിഐ ബാങ്കിന്റെ ക്രെഡിറ്റ് കമ്മിറ്റി തള്ളി. വിമാനം വാടകയ്‌ക്കെടുക്കുകയെന്നത് അവര്‍ക്ക് ബോധ്യമാവാത്ത പദ്ധതിയായിരുന്നു. മല്‍സരാധിഷ്ഠിതമായ വ്യോമയാനമേഖല ലാഭകരമായ ഒന്നായി ബാങ്ക് കണ്ടിരുന്നില്ല. മാത്രമല്ല, മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വായ്പ നല്‍കിയതിലെ തിരിച്ചടവുമായി ബന്ധപ്പെട്ട് മല്യയും ബാങ്കും തമ്മിലുള്ള ബന്ധം നല്ലതായിരുന്നില്ല. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, 2009ല്‍ ഇതേ ബാങ്ക് തന്നെ കിങ്ഫിഷറിന് 900 കോടി വായ്പ നല്‍കി. ഈ വായ്പയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ മല്യക്ക് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
വ്യോമയാനമേഖല നഷ്ടത്തിന്റെ എയര്‍പോക്കറ്റില്‍ വീണുകിടക്കുന്ന കാലത്താണ് മല്യ കിങ്ഫിഷറുമായെത്തുന്നത്. ക്രൂഡോയില്‍ വില ഏറ്റവും കൂടിയ കാലമായിരുന്നു അത്. ആകെ ചെലവിന്റെ പകുതി തന്നെ ഇന്ധനത്തിനു ചെലവാകുമായിരുന്നു. കുറഞ്ഞ ചെലവില്‍ യാത്രചെയ്യാവുന്ന ലോകോത്തര എയര്‍ലൈന്‍സ് എന്നതായിരുന്നു മല്യയുടെ ആശയം. ആഡംബരത്തില്‍ ഒരു കുറവും വരുത്തിയില്ല. ടേക്ക് ഓഫിന് മുന്നോടിയായുള്ള വീഡിയോയില്‍ പ്രമുഖ ബോളിവുഡ് നടിമാര്‍ പ്രത്യക്ഷപ്പെട്ടു. എയര്‍ഹോസ്റ്റസുമാരെ മല്യ നേരിട്ട് റിക്രൂട്ട് ചെയ്തു. കിങ്ഫിഷര്‍ വിദേശ സര്‍വീസ് നടത്തുന്നതായിരുന്നു മല്യയുടെ പ്രധാന സ്വപ്‌നം. ആഭ്യന്തര സര്‍വീസില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് വിദേശ സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കില്ലെന്നതാണു ചട്ടം. ഇതിനെ മറികടക്കാന്‍ നഷ്ടത്തിലോടുന്ന എയര്‍ ഡെക്കന്‍ വാങ്ങുകയെന്നതായിരുന്നു മല്യയുടെ ആശയം. 2008 മാര്‍ച്ച് ആയതോടെ 934 കോടിയായി കിങ്ഫിഷറിന്റെ കടം. ഒരു വര്‍ഷം കൊണ്ട് ഇത് 5,666 കോടിയായി.
2009-2010 കാലത്ത് 7,000 കോടിയായിരുന്നു കിങ്ഫിഷറിന്റെ കടം. ഇതു മറികടക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1,355 കോടി കടമെടുത്തു. ഇത് പെരുകി ഇപ്പോള്‍ 1,600 കോടിയായി. തിരിച്ചടയ്ക്കാന്‍ ഒമ്പതു വര്‍ഷത്തെ സമയം, രണ്ടു വര്‍ഷത്തെ മൊറട്ടോറിയം, പലിശനിരക്കില്‍ അസാധാരണമായ ഇളവ് തുടങ്ങി ബാങ്ക് ചെയ്തുകൊടുക്കാത്ത സഹായങ്ങളില്ല. എന്നാല്‍, കിങ്ഫിഷറിനെ രക്ഷിക്കാന്‍ അതൊന്നും മതിയാവുമായിരുന്നില്ല. ഓരോ വര്‍ഷവും കമ്പനിയുടെ നഷ്ടം പെരുകി. 2011ല്‍ മല്യയുടെ 4,100 കോടി കിട്ടാക്കടത്തെക്കുറിച്ച് ലോക്‌സഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍ അതില്‍ പേടിക്കാനൊന്നുമില്ലെന്ന മട്ടിലായിരുന്നു അന്നു ധനകാര്യ സഹമന്ത്രിയായിരുന്ന നമോനാരായണ്‍ മീണയുടെ പ്രതികരണം. 248.97 കോടിയുടെ വ്യക്തിഗത ഗ്യാരന്റി മല്യ തന്നിട്ടുണ്ടെന്ന് ലോക്‌സഭയില്‍ മീണ പറഞ്ഞു. യുനൈറ്റഡ് ബ്രീവറീസിന്റെ 1601.43 കോടിയുടെ മറ്റൊരു ഗ്യാരന്റിയുണ്ടെന്നും മന്ത്രി പറഞ്ഞു. മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ്, ഗോവയിലെ ആഡംബര വില്ല, അത്യാധുനിക ഹെലികോപ്റ്റര്‍, കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ഉള്‍െപ്പടെയുള്ള ഓഫിസ് സാധനങ്ങള്‍ തുടങ്ങി വലിയൊരു തുകയുടെ സെക്യൂരിറ്റി നല്‍കിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഈ കാലത്തൊക്കെയും മല്യ 33 കോടിയിലധികം രൂപയായിരുന്നു ശമ്പളമായി കിങ്ഫിഷറില്‍നിന്ന് എടുത്തിരുന്നത്.
2012ല്‍ കിങ്ഫിഷര്‍ വിമാനങ്ങള്‍ കട്ടപ്പുറത്തായി. ജീവനക്കാര്‍ ശമ്പളം കിട്ടാതെ വലഞ്ഞു. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നേരത്തേ തന്നെ അടയ്ക്കാത്തതിനാല്‍ ജീവനക്കാര്‍ക്ക് അതു കിട്ടാനും മാര്‍ഗമില്ലായിരുന്നു. 2013 മാര്‍ച്ചില്‍ കിങ്ഫിഷറിന്റെ ആകെ കടം 12,919 കോടിയായിരുന്നു. 2015 ഏപ്രിലില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രൈവറ്റ് ലിമിറ്റഡ് വിജയ് മല്യയുടെ സ്വകാര്യ ഹെലികോപ്റ്റര്‍ വിറ്റ് അവര്‍ക്കു ലഭിക്കാനുള്ള ഗ്രൗണ്ട് ഫീസ് 22 ലക്ഷം ഈടാക്കി. 115 കോടിയുടെ സേവന നികുതി അടയ്ക്കാനുണ്ടായിരുന്നതിനാല്‍ സേവന നികുതി വിഭാഗം മല്യയുടെ പിന്നാലെയുണ്ടായിരുന്നു. അവര്‍ എട്ടു വിമാനങ്ങളും ഒരു ഹെലികോപ്റ്ററും പിടിച്ചെടുത്തു. ഇപ്പോള്‍ ലേലത്തിനു വച്ച വിലകൂടിയ എ 319 വിമാനമായിരുന്നു അതിലൊന്ന്. തുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് സേവന നികുതി വകുപ്പ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ ആദായനികുതി വകുപ്പും മല്യയുടെ മേല്‍ പിടിമുറുക്കി. 372 കോടിയായിരുന്നു ആദായനികുതി കുടിശ്ശിക. 2013 ഫെബ്രുവരിയില്‍ കിങ്ഫിഷറിന്റെ സര്‍വീസ് പെര്‍മിറ്റ് റദ്ദാക്കി. അതിനു മുമ്പുതന്നെ കെഎഫ്എ ലൈസന്‍സ് കാലാവധി തീര്‍ന്നിരുന്നു. എന്നിട്ടും മല്യ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. കിങ്ഫിഷര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സിവില്‍ ഏവിയേഷന്‍ ഡിജിക്ക് പുതിയ പദ്ധതി സമര്‍പ്പിച്ചു. ആദായനികുതി അടയ്ക്കാന്‍ കൂടുതല്‍ സമയം തേടി. 8,000 വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തത് ആദായനികുതി വകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്തതുകൊണ്ടാണെന്നു ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പിന് കത്തെഴുതി. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നെന്നേക്കുമായി ഇല്ലാതാവുമെന്ന് മല്യ അപ്പോഴും കരുതിയിരുന്നില്ല.
2013ല്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യയുടെ 6,493 കോടിയുടെ കിട്ടാക്കടം ഇടാക്കുന്നതിന് യുനൈറ്റഡ് ബ്രീവറീസിനെ സമീപിച്ചു. തന്റെ കമ്പനികളില്‍ ബ്രിട്ടിഷ് മദ്യക്കമ്പനി ഡിയാഗിയോ 5,000 കോടിയുടെ ഓഹരിയെടുക്കാന്‍ പോവുകയാണെന്നും അതോടെ കടമെല്ലാം വീട്ടുമെന്നുമായിരുന്നു മല്യയുടെ മറുപടി. 2013ല്‍ യുനൈറ്റഡ് ബ്രീവറീസും കിങ്ഫിഷര്‍ ഫിന്‍വെസ്റ്റും അന്ന് 2,400 കോടിയുടെ മൂല്യമുള്ള യുനൈറ്റഡ് സ്പിരിറ്റിലെ ഓഹരി ഡിയാഗിയോക്ക് വിറ്റു. എന്നാല്‍, ഈ ഇടപാട് ബാങ്കുകള്‍ കോടതിയെ സമീപിച്ചതോടെ നിയമക്കുരുക്കിലായി. ഇപ്പോഴിത് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടയില്‍ മല്യ വീണ്ടും വീണ്ടും ബാങ്കുകളില്‍നിന്ന് വാങ്ങിക്കൂട്ടിയത് കോടികളാണ്. 1,600 കോടിയാണ് എസ്ബിഐയ്ക്ക് നല്‍കാനുള്ളത്. ഐഡിബിഐ ബാങ്കിന് 800 കോടി, പഞ്ചാബ് നാഷനല്‍ ബാങ്കിന് 800 കോടി, ബാങ്ക് ഓഫ് ഇന്ത്യക്ക് 600 കോടി, ബാങ്ക് ഓഫ് ബറോഡയ്ക്ക് 550 കോടി, ഫെഡറല്‍ ബാങ്കിന് 90 കോടി. ആകെ 9091.40 കോടി. 2014ല്‍ യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയാണ് മല്യയെ ആദ്യമായി വില്‍ഫുല്‍ ഡിഫാള്‍ട്ടര്‍ (വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും തിരിച്ചടയ്ക്കാത്ത ആള്‍) ആയി പ്രഖ്യാപിച്ചത്. എന്നാല്‍, അവര്‍ക്ക് ഒരു രൂപപോലും തിരിച്ചുപിടിക്കാനായില്ല. വിവിധ കോടതികളിലായി 27 കേസുകളാണ് മല്യക്കെതിരായുള്ളത്. ആഡംബര ജീവിതമായിരുന്നു മല്യയുടേത്. ഇന്ന് മല്യക്കെതിരേ വാളോങ്ങുന്നവരെല്ലാം അറിഞ്ഞോ അറിയാതെയോ അതിന്റെ പങ്കുപറ്റിയവരാണ്. മല്യയുടെ സഹായം സ്വീകരിച്ച എംപിമാരും ബ്യൂറോക്രാറ്റുകളും മാധ്യമപ്രവര്‍ത്തകരും ഏറെയാണ്.

************

1968ലെ ശത്രു സ്വത്ത് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ പാസാക്കിയത് കാര്യമായ ബഹളങ്ങളൊന്നുമില്ലാതെയാണ്. ഇത്തരമൊരു ബില്ല് കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സാണ് ശ്രമം തുടങ്ങിയതെന്നതിനാല്‍ അവര്‍ ബഹളമൊന്നുമുണ്ടാക്കിയില്ല. വിഭജനം, ഇന്ത്യ-പാക് യുദ്ധം, ഇന്ത്യ-ചൈന യുദ്ധം തുടങ്ങിയ കാലങ്ങളില്‍ വിദേശരാജ്യങ്ങളിലേക്ക് പലായനം ചെയ്തവരുടെ ഇന്ത്യയിലുള്ള സ്വത്തുക്കളെയാണ് ശത്രുസ്വത്തായി കണക്കാക്കുന്നത്. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുകള്‍ ഇന്ത്യയിലുണ്ടെന്നാണു കണക്ക്. പുതിയ ഭേദഗതിപ്രകാരം ഈ സ്വത്തുക്കള്‍ ഇപ്പോള്‍ കൈവശത്തിലിരിക്കുന്നവരുടെയോ സര്‍ക്കാരിന്റെയോ പക്കല്‍നിന്ന് വിട്ടുകിട്ടാന്‍ സ്വത്തിന്റെ അവകാശിക്കോ ബന്ധുക്കള്‍ക്കോ കോടതിയെ സമീപിക്കാന്‍ ആവില്ല. മഹ്മൂദാബാദ് രാജയുടെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തരത്തിലൊരു ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഹസ്‌റത്ത് ഗഞ്ച്, സിതാപൂര്‍, നൈനിത്താള്‍ എന്നിവിടങ്ങളില്‍ രാജയ്ക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു. ഇറാഖിലേക്കു പോയ രാജ പിന്നീട് ലണ്ടനില്‍ സ്ഥിരതാമസമാക്കി. എന്നാല്‍, രാജയുടെ ഭാര്യയും മകന്‍ മുഹമ്മദ് അമീര്‍ മുഹമ്മദ് ഖാനും ഇന്ത്യയില്‍ തന്നെയായിരുന്നു താമസം. രാജയുടെ സ്വത്തും ശത്രുസ്വത്തിന്റെ ഗണത്തില്‍പ്പെടുത്തി സര്‍ക്കാര്‍ കണ്ടുകെട്ടി. ഇതിനിടെ രാജ മരിച്ചു. എന്നാല്‍, അവകാശം ആവശ്യപ്പെട്ട് മകന്‍ കോടതിയെ സമീപിച്ചു. 30 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2005 ഒക്ടോബര്‍ 21ന് മകന് അനുകൂലമായി സുപ്രിംകോടതി വിധിച്ചു.
ഈ വിധിയോടെ സുപ്രിംകോടതിയില്‍ സമാനമായ നിരവധി ഹരജികളെത്തി. രാജയുടെ സ്വത്ത് ഒരു ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ വീണ്ടും സ്വന്തമാക്കി. 2010ല്‍ യുപിഎ സര്‍ക്കാരാണ് ആദ്യം ബില്ല് കൊണ്ടുവന്നത്. പിന്നീടത് എതിര്‍പ്പുമൂലം പിന്‍വലിക്കേണ്ടിവന്നു. യുപിഎ കൊണ്ടുവന്ന ബില്ല് പ്രകാരം സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്ക് വേണമെങ്കില്‍ സ്വത്ത് വിട്ടുനല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍നിന്ന് ഈ വ്യവസ്ഥ എടുത്തുകളഞ്ഞിട്ടുണ്ട്. 10,43,390 കോടിയുടെ സ്വത്തുക്കളാണ് ഇത്തരത്തില്‍ ഇന്ത്യയിലുള്ളത്.
Next Story

RELATED STORIES

Share it