malappuram local

പണി പൂര്‍ത്തിയായില്ല: പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്താന്‍ നീക്കം

എടക്കര: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പേ പണി പൂര്‍ത്തിയാകാത്ത പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്താന്‍ നീക്കം. ചാലിയാര്‍ നദീതട പദ്ധതിയിലുള്‍പ്പെട്ട ചുങ്കത്തറ പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനമാണ് വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസഫ് രണ്ട് വര്‍ഷം മുമ്പ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച പദ്ധതി എഴുപത് ശതമാനം മാത്രമേ പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നത്. 35 കോടി രൂപ ചെലവഴിച്ചാണു ചാലിയാറിനു കുറുകെ 120 മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം.
വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് നബാര്‍ഡാണു സാമ്പത്തിക സഹായം നല്‍കുന്നത്.
പൂക്കോട്ടുമണ്ണയിലേക്കു ഗതാഗത സൗകര്യത്തോടൊപ്പം ജലസേചന സൗകര്യവും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്. എടക്കര, ചുങ്കത്തറ, പോത്തുകല്‍ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കലും കാര്‍ഷിക ജലസേചനവും ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. എന്നാല്‍ ജലസേചനത്തിന് ആവശ്യമായ ഷട്ടര്‍ ഉള്‍പ്പെടെയുള്ള പലതും സ്ഥാപിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും.
പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പണിയും എങ്ങുമെത്തിയിട്ടില്ല. മാര്‍ച്ച് പതിനഞ്ചോടെ പാലം ഉദ്ഘാടനം ചെയ്യാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ അതിനുമുമ്പേ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമെന്നു കണ്ടാണ് നാലാം തിയ്യതിയിലേക്ക് തീരുമാനിക്കാന്‍ കാരണമെന്നറിയുന്നു.
കഴിഞ്ഞ ദിവസം ചുങ്കത്തറയില്‍ നടന്ന സ്വാഗതസംഘ രൂപവല്‍ക്കരണ യോഗത്തില്‍ പാതിവഴിയിലുള്ള പാലത്തിന്റെ ഉദ്ഘാടനത്തെചൊല്ലി സിപിഎം നേതൃത്വം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it