പണിയ കോളനിയിലെ പതിനഞ്ചോളം കുട്ടികള്‍ കൂലിപ്പണിക്കു പോവുന്നു

അബ്ദുല്ല പള്ളിയാല്‍

മാനന്തവാടി: ഗോത്ര സാരഥിയും കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സും ആദിവാസി പ്രൊമോട്ടര്‍മാരുമെല്ലാം ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലെത്തിക്കാന്‍ മിനക്കെടുന്നുവെന്ന് അവകാശപ്പെടുമ്പോള്‍, മാനന്തവാടിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള പണിയ കോളനിയിലെ പതിനഞ്ചോളം കുട്ടികള്‍ കൂലിപ്പണിക്കു പോവുന്നു.
അമ്പുകുത്തി എട്ടില്‍ കോളനിയിലെ കുട്ടികളാണ് പഠനത്തെക്കുറിച്ചുള്ള യാതൊരു ചിന്തയുമില്ലാതെ ചെറുതും വലുതുമായ ജോലികള്‍ക്കായി വീട് വിട്ടിറങ്ങുന്നത്. കോളനിയിലെ അഞ്ചു വീടുകളിലായി പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നു. അഞ്ചു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടയിലുള്ള പതിനഞ്ചോളം കുട്ടികളാണ് ഇവിടെയുള്ളത്. ഇവരിലൊരാള്‍പോലും ഈ വര്‍ഷം സ്‌കൂളില്‍ പോയിട്ടില്ല. ചില മുതിര്‍ന്ന കുട്ടികള റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തെങ്കിലും ആദ്യ അവധിക്കു വീട്ടിലെത്തിയ ഇവര്‍ പിന്നീട് തിരികെ പോയില്ല. പാതി വഴിയില്‍ പഠനം നിര്‍ത്തുന്ന കുട്ടികളെ വീണ്ടും വിദ്യാലയങ്ങളിലെത്തിക്കാനായി ഓണറേറിയം നല്‍കി കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനമാണ് പട്ടികവര്‍ഗ വകുപ്പ് പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍, ഇങ്ങനെയൊരാള്‍ പോലും ഈ കോളനിയിലെത്തിയിട്ടില്ല.  കോളനികള്‍ സന്ദര്‍ശിച്ച് ഇത്തരം കാര്യങ്ങള്‍ ട്രൈബല്‍ വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട പ്രൊമോട്ടര്‍മാരും കോളനിയിലെത്താറില്ല. വിദ്യാഭ്യാസമുള്ള രക്ഷിതാക്കളില്ലാത്തതിനാല്‍ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യമില്ലാത്തതിനാല്‍ തങ്ങളോടൊപ്പം ജോലിക്കു കൂട്ടുകയാണ് ചെയ്യുന്നത്. 200 രൂപ മുതല്‍ 400 രൂപവരെ തങ്ങള്‍ക്ക് കൂലിയായി കിട്ടുമെന്ന് കോളനിയിലെ ബാബു എന്ന 15കാരന്‍ പറയുന്നു.
കോളനിയില്‍നിന്നും 500 മീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന അണ്‍ എയ്ഡഡ് വിദ്യാലയത്തില്‍ ഇവര്‍ക്ക് പ്രവേശനം ലഭിക്കാറില്ല. രണ്ടര കിലോമീറ്റര്‍ ടൗണിലൂടെ സഞ്ചരിച്ചു വേണം തൊട്ടടുത്ത മാനന്തവാടി ഗവ. യുപി സ്‌കൂളിലെത്താന്‍. ചെറിയ കുട്ടികളെ ടൗണിലൂടെ പറഞ്ഞയക്കാന്‍ ഭയമാണെന്നാണ് രക്ഷിതാക്കള്‍പറയുന്നത്. ജില്ലാ പഞ്ചയത്തിന്റേതുള്‍പ്പെടെ ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ വയനാട്ടില്‍ മാത്രം കോടികളാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. ഇതൊന്നും അര്‍ഹരിലെത്തുന്നില്ലെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് അമ്പുകുത്തി എട്ടില്‍ കോളനിയിലെ കുട്ടികളുടെ ജീവിതം.
Next Story

RELATED STORIES

Share it