Idukki local

പണിതിട്ടും തീരാതെ വാത്തിക്കുടിയിലെ ജലനിധി പദ്ധതികള്‍

മുരിക്കാശ്ശേരി: വാത്തിക്കുടി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ കമ്മീഷനിങ് അനന്തമായി നീളുന്നതായി പരാതി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 50ഓളം ചെറിയ പദ്ധതികള്‍ ഉണ്ട്. ഇതില്‍ ആറ് പദ്ധതികള്‍ മാത്രമേ നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളു.
രണ്ട് വര്‍ഷ കാലാവധിക്ക് ബോധന തിരുവല്ല എന്ന ഏജന്‍സിയാണ് പദ്ധതി ഏറ്റെടുത്തത്. പിന്നീട് ഒരു വര്‍ഷം കൂടി കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി. എന്നിട്ടും മൂന്ന് വര്‍ഷം പൂര്‍ത്തികരിക്കാറായിട്ടും ഭൂരിപക്ഷം പദ്ധതികളും എങ്ങുമെത്തിയിട്ടില്ലെന്നാണ് പൊതു ജനങ്ങളുടെ പരാതി. പത്ത് ശതമാനം ഉപഭോക്തൃവിഹിതവും ബാക്കി സര്‍ക്കാര്‍ വിഹിതവുമാണ്. പല പദ്ധതികളും പണി പൂര്‍ത്തിയാവാതെ തന്നെ ബില്ല് മാറിയിട്ടുള്ളതായും പറയുന്നു.
പദ്ധതിയുടെ ഭാഗമായി ബോധന എന്ന ഏജന്‍സി നിര്‍ബന്ധമായി നടപ്പാക്കേണ്ട ശുചിത്വ സാനിട്ടേഷന്‍ ജോലികള്‍ പ്രഹസനമാക്കി മാറ്റുന്നതായും ആക്ഷേപമുണ്ട്.
കക്കൂസും, മൂത്രപ്പുരയും ഒക്കെ സന്നദ്ധ സംഘടനയായ ബോധന, ജലനിധി പദ്ധതിയോടൊപ്പം നടപ്പാക്കണമെന്നാണ് വ്യവസ്ഥ. ഇവ നടപ്പാക്കത്തതിലും, പദ്ധതിയുടെ നടത്തിപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് കാണിച്ചും മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ഷിന്റോ ഓലിക്കരോട്ട് പോലിസ് വിജിലന്‍സിനും, മുഖ്യമന്ത്രിയുടെ കരുതല്‍ 2015 ജനസമ്പര്‍ക്ക പരിപാടിയിലും പരാതി നല്‍കി ഒരു വര്‍ഷത്തോളമായിട്ടും നാളിതുവരെ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.
എത്രയും വേഗം കുടിവെള്ളം ലഭ്യമാക്കാന്‍ അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it