പണം വാങ്ങി വര്‍ഗീയകലാപം: നേതാക്കള്‍ ഒളികാമറ ഓപറേഷനില്‍ കുടുങ്ങി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശി ല്‍ പണംവാങ്ങി വര്‍ഗീയകലാപം സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ സ്റ്റിങ് ഓപറേഷനില്‍ കുടുങ്ങി. ഇന്ത്യാ ടുഡേ നടത്തിയ ഒളികാമറ ഓപറേഷനിലാണ് ഹിന്ദു സ്വാഭിമാന്‍ സങ്കേതനിന്റെ നേതാവ് പര്‍മീന്ദര്‍ ആര്യ, മുസാഫിര്‍ നഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കപില്‍ ദേവ് അഗര്‍വാള്‍, സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് ഹാഫിസ് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ കുടുങ്ങിയത്.
ഡോക്യുമെന്ററി നിര്‍മാതാവ് എന്ന വ്യാജേന ഇന്ത്യാ ടുഡേയുടെ റിപോര്‍ട്ടര്‍ ഈ നേതാക്കളെ സമീപിക്കുകയും സിനിമയുടെ പ്രചാരണത്തിനായി മതസ്പര്‍ധ വളര്‍ത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയുമായിരുന്നു. ആവശ്യപ്പെടുന്ന പണം നല്‍കിയാ ല്‍ തങ്ങള്‍ എന്തിനും തയ്യാറാണെന്നാണ് നേതാക്കള്‍ മറുപടി നല്‍കുന്നത്.
ശ്രീരാമന്‍ ഇന്ത്യയിലാണ് ജനിച്ചത് എന്ന വിശ്വാസം ഖണ്ഡിക്കുന്ന തരത്തില്‍ ഒരു ഡോക്യുമെന്ററി എടുക്കുകയാണ് ലക്ഷ്യമെന്നും അതിന്റെ പബ്ലിസിറ്റിക്കുവേണ്ടി സഹായിക്കണമെന്നുമാണ് റിപോര്‍ട്ടര്‍ നേതാക്കളോട് ആവശ്യപ്പെട്ടത്. പദ്ധതിയുടെ ഭാഗമാവാന്‍ തയ്യാറാണെന്ന് അറിയിച്ച പര്‍മീന്ദര്‍ ആര്യ അതിന്റെ പ്രചാരണത്തിനുവേണ്ടി ഉത്തര്‍പ്രദേശില്‍ ഡോക്യുമെന്ററിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാമെന്നും വാഗ്ദാനം ചെയ്യുന്നു. നോയിഡയിലെ ഒരു ആശുപത്രിക്കിടക്കയിലിരുന്നാണ് ആര്യ സംസാരിക്കുന്നത്. തനിക്ക് വിശ്വഹിന്ദുപരിഷത്തുമായി ബന്ധമുണ്ടെന്നും ആര്യപറയുന്നു. ഡോക്യുമെന്ററിയുടെ സ്‌ക്രീനിങ് സംഘടിപ്പിക്കണമെന്നും അവിടേക്ക് 50 പേരെ അക്രമമുണ്ടാക്കാ ന്‍ അയക്കാമെന്നും ആര്യ നിര്‍ദേശിക്കുന്നുണ്ട്. മുദ്രാവാക്യം വിളിച്ചെത്തുന്ന സംഘം ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കും. ജോ രാംകാ നഹി വോ കിസി കാംകാ നഹി, രാംകാ അപമാന്‍ നഹി സഹേകാ ഹിന്ദുസ്ഥാന്‍ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളായിരിക്കും അവര്‍ വിളിക്കുക. ആരുടെയെല്ലാം വസത്രം കീറണമെന്ന് പറഞ്ഞാല്‍ മതി അത് ചെയ്യാം. ചിലര്‍ക്കെല്ലാം ഗുരുതരമായി പരിക്കേറ്റേക്കാം.
ഡോക്യുമെന്ററിയെ വിമര്‍ശിച്ച് താന്‍ തന്നെ അഭിമുഖം നല്‍കാമെന്നും പറയുന്നു. ഇതെല്ലാം സംഘടിപ്പിക്കാന്‍ 10 ദിവസം വേണമെന്നും ആര്യ ആവശ്യപ്പെടുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് ജിഹാദ് വിരുദ്ധ പരിശീലനപരിപാടി സംഘടിപ്പിച്ച ആളാണ് ആര്യ. അടുത്തതായി റിപോര്‍ട്ടര്‍ പോവുന്നത് കപില്‍ദേവ് അഗര്‍വാളിനടുത്തേക്കാണ്. മൂന്നുവര്‍ഷം മുമ്പ് 62 പേരുടെ മരണത്തിന് ഇടയാക്കിയ വര്‍ഗീയ കലാപം നടന്ന മുസാഫര്‍ നഗറിലെ എംഎല്‍എയാണ് അഗര്‍വാള്‍. അക്രമമുണ്ടാക്കിത്തന്നാല്‍ എന്ത്തരുമെന്നാണ് അഗര്‍വാള്‍ ചോദിക്കുന്നത്. താന്‍ ആളെ ഏര്‍പ്പാടാക്കാമെന്നും അവര്‍ പ്രദര്‍ശനത്തിനിടെ സ്‌ക്രീന്‍ വലിച്ചുകീറിക്കോളുമെന്നും അഗര്‍വാള്‍ പറയുന്നു. അവര്‍ അക്രമമുണ്ടാക്കും. ഞാ ന്‍ പത്രപ്രസ്താവനയും ഇറക്കാം. ഇതെല്ലാം ചെയ്യണമെങ്കില്‍ നല്ലൊരു തുകതന്നെ ന ല്‍കണമെന്ന് അഗര്‍വാള്‍ ആവശ്യപ്പെടുന്നു.
പിന്നീട് റിപോര്‍ട്ടര്‍ പോവുന്നത് സമാജ്‌വാദി പാര്‍ട്ടിയുടെ ഹരിദ്വാര്‍ യൂനിറ്റ് പ്രസിഡന്റ് ഹാഫിസ് മുഹമ്മദ് ഇര്‍ഫാനടുത്തേക്കാണ്. ഡോക്യൂമെന്ററിക്കെതിരേ പ്രതിഷേധവും അക്രമവും ഉണ്ടാക്കാമെന്ന് ഹാഫിസ് ഉറപ്പുകൊടുക്കുന്നു. അതിന് അഞ്ചു ലക്ഷം വേണമെന്നാണ് ഹാഫിസ് ആവശ്യപ്പെടുന്നത്. ഇതിനായി 60 പേരെ സംഘടിപ്പിച്ചിട്ടുണ്ട്. അവര്‍ വേണ്ടത് ചെയ്യുമെന്നും ഹാഫിസ് ഉറപ്പ് കൊടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it