kasaragod local

പണം തട്ടിയ കേസ്: വകുപ്പ്തല അന്വേഷണം തുടങ്ങി

കാസര്‍കോട്: മുട്ടത്തൊടി സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചിലും വിദ്യാനഗര്‍ സായാഹ്ന ശാഖയിലും മുക്കുപണ്ടം പണയം വച്ച് ഒരു കോടിയോളം രൂപ തട്ടിയ കേസില്‍ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.
ഇന്നലെ ബാങ്കിലെത്തി സഹകരണ സംഘം രജിസ്ട്രാര്‍ എന്‍ ജി സുരേന്ദ്രന്‍ നായര്‍, സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ സ്റ്റീഫന്‍, ജീവനക്കാരായ കെ നാഗേഷ്, ബൈജു രാജ് എന്നിവരാണ് അന്വേഷണം നടത്തിയത്. മുസ്‌ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ ഏക സഹകരണ ബാങ്കാണ് ഇത്. ലീഗ് നേതാവ് ഇ അബൂബക്കര്‍ ഹാജിയാണ് ബാങ്ക് പ്രസിഡന്റ്. ഇദ്ദേഹം ജില്ലാ സഹകരണ ബാങ്കില്‍ ലീഗിന്റെ നോമിനി കൂടിയായ ഡയറക്ടറാണ്. സംഭവുമായി ബന്ധപ്പെട്ട് നായന്മാര്‍മൂല ശാഖയിലെ അപ്രൈസറും വന്ദന ജ്വല്ലറി ഉടമയുമായി നീലേശ്വരത്തെ പി വി രതീഷ്(42), ഇയാളുടെ സഹോദരനും വിദ്യാനഗര്‍ ശാഖയിലെ അപ്രൈസറുമായ പി വി സത്യപാല്‍ (45), ഇടപാടുകാരായ നായന്മാര്‍മൂല തൈവളപ്പ് സ്വദേശി അബ്ദുല്‍ മജീദ് (38), നായന്മാര്‍മൂല ലക്ഷം വീട് കോളനിയിലെ ഹാരിസ് (26) എന്നിവരെ വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നായന്മാര്‍മൂല സഹകരണ ബാങ്ക് ശാഖ മാനേജര്‍ വിജയലക്ഷമി, വിദ്യാനഗര്‍ ശാഖാ മാനേജറും കാഞ്ഞങ്ങാട് സ്വദേശിയുമായ പി വി സന്തോഷ് കുമാര്‍ എന്നിവരെ ഭരണ സമിതി സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ഒന്നിന് കേസിലെ പ്രതിയായ അബ്ദുല്‍ മജീദ് സ്വര്‍ണം പണയം വച്ച് ഏഴ് ലക്ഷം രൂപ വായ്പ എടുത്തതോടെയാണ് തട്ടിപ്പ് കണ്ടെത്താനുള്ള വഴി തെളിഞ്ഞത്. ഒറ്റയടിക്ക് ഏഴ് ലക്ഷം രൂപ വായ്പ എടുത്തതോടെ സ്വര്‍ണാഭരണങ്ങള്‍ ജീവനക്കാര്‍ തൊട്ടടുത്ത ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
പിന്നീട് മജീദിനെ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ വിളിച്ചുവരുത്തി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മജീദിനേയും ഹാരിസിനേയും അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് വിദ്യാനഗര്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നുണ്ട്.
Next Story

RELATED STORIES

Share it