Kerala

തേജസിന്റെ പങ്ക് വലുത്: മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: കോഴിക്കോട്ടു നടന്ന 55ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ മികച്ച റിപോര്‍ട്ടര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം തേജസ് പൊന്നാനി ലേഖകന്‍ ഫഖ്‌റുദ്ദീന്‍ പന്താവൂര്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബില്‍നിന്ന് ഏറ്റുവാങ്ങി. ജനുവരി 21ന് തേജസിന്റെ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച “കണ്ണീര്‍ താഴ്‌വരയില്‍ നിന്ന് ഒരു രക്തബന്ധത്തിന്റെ കലാകാരന്‍’ എന്ന ശീര്‍ഷകത്തില്‍ വന്ന റിപോര്‍ട്ടാണ് പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സ്‌കൂള്‍ കലോല്‍സവത്തിന് തേജസ് നല്‍കുന്ന മുന്തിയ പരിഗണന അഭിനന്ദനാര്‍ഹമാണെന്ന് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.

വിദ്യാര്‍ഥികളുടെ പഠനനിലവാരവും കലാവാസനകളും പരിപോഷിപ്പിക്കുന്നതില്‍ ഈ പത്രം വലിയ സേവനമാണ് അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. കലോല്‍സവ മീഡിയ അവാര്‍ഡുകള്‍ തേജസിന് പതിവായി ലഭിച്ചുകൊണ്ടിരിക്കുന്നത് വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡി.പി.ഐ. പി.ആര്‍.ഒ. ആര്‍ ബാബു അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസമന്ത്രിയുടെ പി.എ. വി പി അബ്ദുല്‍ റസാഖ്, പ്രൈവറ്റ് സെക്രട്ടറി അഷ്‌കര്‍ മംഗലം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം, തേജസ് സീനിയര്‍ റിപോര്‍ട്ടര്‍ കെ പി ഒ റഹ്മത്തുല്ല, സംബന്ധിച്ചു. 10,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
Next Story

RELATED STORIES

Share it