പഠനവൈകല്യമുള്ളവര്‍ നാലാംക്ലാസിനു മുമ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് എസ്എസ്എല്‍സി പരീക്ഷയില്‍ ആനുകൂല്യം പറ്റുന്നത് തടയുന്നതിന് കര്‍ശന നടപടികളുമായി പൊതുവിദ്യാഭ്യാസവകുപ്പ്. ഇനി മുതല്‍ പഠനവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അത് തെളിയിക്കാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നാലാംക്ലാസിനു മുമ്പ് ഹാജരാക്കണം. 10ാംക്ലാസിലെ പഠനവൈകല്യമുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠനവൈകല്യമുള്ളവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഈ സാഹചര്യത്തില്‍ ഇക്കുറി കര്‍ശന പരിശോധന നടത്തി. ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 17,000 കുട്ടികളാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 15,000 വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം അനുവദിച്ചത്. പഠനവൈകല്യമുള്ളവര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ക്ക് കഴിഞ്ഞ ഡിസമ്പറിനകം പട്ടിക സമര്‍പ്പിക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മാര്‍ച്ചില്‍വരെ പട്ടിക സമര്‍പ്പിച്ചവരുണ്ട്.
ഫെബ്രുവരിവരെ സമര്‍പ്പിച്ചവരുടെ പേരുകളാണ് ആനുകൂല്യത്തിനായി നിലവില്‍ പരിഗണിച്ചത്. ഇതുകാരണം പഠനവൈകല്യ ആനുകൂല്യം അനുവദിച്ച വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകുകയും ചെയ്തു.
ഒരു സ്‌കൂളില്‍നിന്ന് 30 പേര്‍ക്ക് മാനസികവളര്‍ച്ചയില്ലാത്തതിന്റെ പേരില്‍ പരസഹായം ഏര്‍പ്പെടുത്താന്‍ അനുമതി ചോദിച്ചു. അതിലൊരു അസ്വാഭാവികത തോന്നിയതിനാല്‍ പരിശോധന ശക്തമാക്കി. അനര്‍ഹരായ പലരും ആനുകൂല്യം നേടുന്നുവെന്നാണ് വകുപ്പിന്റെ അനുമാനം. ഈ സാഹചര്യത്തിലാണ് നാലാംക്ലാസ് പഠനത്തിന് മുമ്പെ പഠനവൈകല്യം തെളിയിക്കുന്ന മതിയായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയുള്ളൂവെന്ന് തീരുമാനിച്ചത്. പലരും എസ്എസ്എല്‍സി പരീക്ഷ ലക്ഷ്യമിട്ടാണ് വൈകല്യ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത്. പരീക്ഷ അടുക്കുമ്പോള്‍ പരസഹായം അപേക്ഷിക്കുന്ന രീതി നിര്‍ത്താനാണ് പുതിയ നടപടി. ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് അവരെ പഠിപ്പിക്കുന്ന റിസോഴ്‌സ് അധ്യാപകരെതന്നെ വ്യാഖ്യാതാവായി അനുവദിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, മറ്റുള്ളവരുടെ കാര്യത്തില്‍ റിസോഴ്‌സ് അധ്യാപകരെ സ്‌കൂള്‍ മാറ്റി നിയമിക്കാനാണ് തീരുമാനം. ബുദ്ധിപരവും കേള്‍വിപരവുമായ വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അപരിചിതരായ അധ്യാപകരെ വ്യാഖ്യാതാവായി നിയമിക്കുന്നത് പ്രതികൂലമാവുമെന്ന് രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓട്ടിസം ബാധിച്ചവര്‍ക്ക് സ്വന്തം റിസോഴ്‌സ് അധ്യാപകരെതന്നെ അനുവദിച്ചത്.
Next Story

RELATED STORIES

Share it