പട്ടേല്‍ റാലി അക്രമാസക്തം; മെഹ്‌സാനയില്‍ കര്‍ഫ്യൂ: ഇന്ന് ഗുജറാത്ത് ബന്ദ്

ഗാന്ധിനഗര്‍: സംവരണം, ജയിലിലുള്ള ഹാര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മോചനം എന്നിവ ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം ഗുജറാത്തിലെ മെഹ്‌സാന നഗരത്തില്‍ നടത്തിയ റാലി അക്രമാസക്തമായി. അക്രമാസക്തരായ സമരക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച പോലിസ് ശേഷം ലാത്തി വീശി. പോലിസുകാരുള്‍പ്പെടെ 30ഓളം പേര്‍ക്കു പരിക്കുണ്ട്. ക്രമസമാധാനനില പുനസ്ഥാപിക്കാന്‍ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
പട്ടേല്‍ സമുദായത്തിന് ഒബിസി പദവി ആവശ്യപ്പെട്ടു സമരം നടത്തുന്നവരില്‍ മുന്‍പന്തിയിലുള്ള സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി) ആണു സമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജയില്‍നിറക്കല്‍ സമരത്തിന് ആഹ്വാനം ചെയ്തത്. എസ്പിജി അധ്യക്ഷന്‍ ലാല്‍ജി പട്ടേലിനു സംഘര്‍ഷത്തില്‍ തലയ്ക്കു പരിക്കേറ്റു. പോലിസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നതോടെയാണ് ലാത്തി വീശിയതെന്നു പോലിസ് പറഞ്ഞു.
എന്നാല്‍, പ്രകോപനമില്ലാതെ പോലിസ് സമരക്കാര്‍ക്ക് നേരെ ലാത്തി വീശുകയായിരുന്നുവെന്ന് ലാല്‍ജി പട്ടേല്‍ കുറ്റപ്പെടുത്തി. സമരം സമാധാനപരമായിരുന്നു. തന്നെയും ചില പ്രവര്‍ത്തകരെയും പോലിസ് ആക്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ലാല്‍ജി പറഞ്ഞു. ഇദ്ദേഹത്തെയും ചില പ്രവര്‍ത്തകരെയും പോലിസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെയാണ് റാലി സംഘടിപ്പിച്ചത്. റാലിയില്‍നിന്നു പിന്‍മാറണമെന്ന് കഴിഞ്ഞദിവസം ജില്ലാകലക്ടര്‍ സമരക്കാരോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
സമരക്കാരില്‍ ചിലര്‍ അക്രമം നടത്തിയപ്പോഴാണ് സ്ഥിതിഗതികള്‍ മോശമായതെന്ന് പുതിയ ഡിജിപി പിപി പാണ്ഡെ പറഞ്ഞു. മെഹ്‌സാനയില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്പിജിയും ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്തോളന്‍ സമതിയും ഇന്നു ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്തു.
അതേസമയം, സൂറത്തില്‍ പ്രക്ഷോഭം നടത്തിയ 500ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സൂറത്ത്, മെഹ്‌സാന, അഹ്മദാബാദ്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കി.
Next Story

RELATED STORIES

Share it