palakkad local

പട്ടിണിയിലും ദുരിതത്തിലും ആദിവാസികള്‍ കഴിയുമ്പോള്‍ അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കാന്‍ നീക്കം

കെ സനൂപ്

പാലക്കാട്: അട്ടപ്പാടിയില്‍ പേമാരിയിലും ഭൂമി തട്ടിപ്പുകേസുകളിലും ആദിവാസികളുള്‍പ്പെടെ ദുരിതമനുഭവിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ തട്ടിയെടുക്കാനായി അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (അഹാഡ്‌സ്) പുനരുജ്ജീവിപ്പിക്കാന്‍ നീക്കം. തമിഴ്‌നാട്ടിലെ ദുരിത പേമാരി വിതച്ച നാശം അട്ടപ്പാടിയിലുമുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ടീയ പാര്‍ട്ടികളാണ് അഹാഡ്‌സ് പുനരുജ്ജീവിപ്പിക്കാന്‍ നീക്കം സജീവമാക്കുന്നത്.

രണ്ടാഴ്ചകള്‍ക്ക് മുമ്പുണ്ടായ പേമാരിയില്‍ തമിഴ്‌നാട്ടിലെന്നപോലെ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഇപ്പോഴും ദൃശ്യമാവുന്നത് പട്ടിണിയും പരിവട്ടവും മാത്രമാണ്. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനടക്കം പേമാരിക്കിടെ പല ഊരുകളിലും എത്താനായില്ലെന്ന് മാത്രമല്ലാ പേരിന് പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തി ജനപ്രതിനിധികളും എം ബി രാജേഷ് ഉള്‍പ്പടെയുള്ളവരും നിസംഗ മനോഭാവം സ്വീകരിക്കുകയാണുണ്ടായതെന്ന് തേജസ് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അഴിമതി ആരോപണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് 1995 ല്‍ തുടങ്ങിയ അഹാഡ്‌സ് പ്രൊജക്ട് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനം നിര്‍ത്തിയതായി 2013 ല്‍ ഉത്തരവിറങ്ങിയത്. മുമ്പ് അഹാഡ്‌സിന്റെ പേരില്‍ കോടികള്‍ കട്ടുമുടിച്ചതും അഹാഡ്‌സിലെ ജീവനക്കാര്‍ വിദേശങ്ങളില്‍ പര്യാടനം നടത്തിയതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഹോളോബ്രിക്‌സില്‍ നിര്‍മിച്ച ചുമരുകള്‍ പോലും സിമന്റിടാത്ത മൂന്നു മുറി വീടുകള്‍ മാത്രമാണ് അഹാഡ്‌സിലൂടെ കുറച്ചുപേര്‍ക്ക് സ്വന്തമാക്കാനായതെന്ന് അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ കാണുന്നവര്‍ക്കറിയാം. അഹാഡ്‌സ് പദ്ധതി ആരംഭിച്ചതു മുതല്‍ ഒരു മാസം മുന്‍പ് ജോലിയില്‍ പ്രവേശിച്ച ആദിവാസികളടക്കമുള്ളവര്‍ക്ക് വനംവകുപ്പില്‍ സ്ഥിരം ജോലി നല്‍കി എന്നതു മാത്രമാണ് നടന്നത്. അഹാഡ്‌സിനെ പുനരുജീവിപ്പിക്കാനുള്ള അണിയറ നീക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സിപിഐ മുഖപത്രത്തില്‍ മുന്‍ അഹാഡ്‌സ് ജീവനക്കാരന്റെ പേരില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇന്നുമില്ലെന്നുള്ള യാഥാര്‍ഥ്യം നിലനില്‍ക്കവേയാണ് ഇത്തരം ഫണ്ടുകള്‍ തട്ടുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.
Next Story

RELATED STORIES

Share it