പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധന

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരേ നടന്നത് 4483 അതിക്രമങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് 4391 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. പോലിസുകാര്‍ ഉള്‍പ്പെടെ പ്രതികളായ കേസുകളാണ് ഇവയെന്നതും പിന്നാക്ക വിഭാഗക്കാരോടുള്ള ക്രൂരതയുടെ തോത് വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏഴു കേസുകളിലാണ് പോലിസുകാര്‍ പ്രതികളായിട്ടുള്ളത്. 1989ലെ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് പ്രിവന്‍ഷന്‍ ഒഫ് അട്രോസിറ്റീസ് ആക്ട് പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 541 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
1960 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 25 കേസുകളില്‍ മാത്രമാണ് കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് എന്നതും നിലവിലുള്ള നിയമത്തിന്റെ പോരായ്മ ചൂണ്ടിക്കാണിക്കുന്നതാണ്. 286 കേസുകളില്‍ പ്രതികളെ വെറുതേവിട്ടു. 644 പേരെ ഇത്തരം കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുണ്ടെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്ക് 1847 കേസുകളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന് 322 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. അതിക്രമത്തിനിരയായി കൊല്ലപ്പെട്ട പട്ടിക വിഭാഗക്കാരില്‍ അധികവും സ്ത്രീകള്‍ തന്നെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളുള്‍പ്പെടെ 11 സ്ത്രീകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ വിഭാഗത്തില്‍ കൊല്ലപ്പെട്ടത്. ഒരു ആണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍പ്പെടും. 645 ബലാല്‍സംഗക്കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ കുട്ടികളെ ബലാല്‍സംഗം ചെയ്തതുമായി ബന്ധപ്പെട്ട് 194 കേസുകളുമുണ്ട്. ബലാല്‍സംഗമല്ലാതെ 1191 മറ്റുപീഡനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയും 137 കേസുകള്‍ കുട്ടികള്‍ക്കെതിരെയും രേഖപ്പെടുത്തിയിട്ടുണ്ട്.
പട്ടിക വിഭാഗക്കാര്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 638 കേസുകളാണ് തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 157 കേസുകള്‍ നഗരപരിധിയിലും, 481 കേസുകള്‍ റൂറലിലുമാണ്. 186 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പത്തനംതിട്ടയാണ് കേസുകളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍. കൊല്ലത്ത് 502 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴയില്‍- 216, കോട്ടയം- 245, ഇടുക്കി- 240, എറണാകുളം- 388, തൃശൂര്‍- 234, പാലക്കാട്- 389, മലപ്പുറം- 331, കോഴിക്കോട്- 338, വയനാട്- 193, കണ്ണൂര്‍- 258, കാസര്‍കോട്- 207 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. റെയില്‍വേയുടെ പരിധിയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it