പട്ടികടിയേറ്റവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഗുരുതരമായി പട്ടികടിയേറ്റാല്‍ നല്‍കേണ്ട മരുന്ന് ജില്ലാ, ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും അടിയന്തരമായി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മരുന്നു വിതരണം നിര്‍ത്തിവച്ചത് കാരണം എറണാകുളം ജില്ലയിലൊരിടത്തും മരുന്ന് കിട്ടാനില്ല. രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന മരുന്ന് സ്വകാര്യ ആശുപത്രികളിലെത്തുമ്പോള്‍ 10,000 മുതല്‍ 15,000 രൂപ വരെ വില നല്‍കേണ്ടി വരുന്നതായി പരാതിയുണ്ടെന്ന് ജസ്റ്റിസ് ജെ ബി കോശി നടപടിക്രമത്തില്‍ പറഞ്ഞു.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണ് ഇതെന്നും കമ്മീഷന്‍ വിലയിരുത്തി. ഒരു വര്‍ഷമായി മരുന്നിന് ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഏറ്റവുമധികം പേവിഷബാധ റിപോര്‍ട്ട് ചെയ്യുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലും മരുന്ന് ലഭ്യമല്ല. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് എത്തിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ച കാര്യം കമ്മീഷന്‍ ഓര്‍മിപ്പിച്ചു. പരാതി പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ ഫയല്‍ ചെയ്ത പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it