പട്ടികജാതി-പട്ടികവര്‍ഗ വോട്ട് നേടാന്‍തന്ത്രം മെനഞ്ഞ് സിപിഎം

സ്വന്തം പ്രതിനിധികൊച്ചി: എക്കാലത്തെയും സിപിഎമ്മിന്റെ പ്രധാന വോട്ടു ബാങ്കുകളായി നിലകൊള്ളുന്ന ഈഴവ സമുദായത്തിന്റെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെയും വോട്ടു ചോര്‍ച്ച തടയുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് സിപിഎം രൂപം നല്‍കി. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ബിഡിജെഎസ്  പാര്‍ട്ടി രൂപീകരിക്കുകയും ബിഡിജെഎസിനു പിന്തുണയുമായി ഒരു വിഭാഗം കെപിഎംഎസ് രംഗത്തുവരികയും ചെയ്തതോടെയാണ് വോട്ടു ചോര്‍ച്ച തടയുന്നതിനുള്ള തന്ത്രങ്ങളുമായി സിപിഎം രംഗത്തെത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സിപിഎം അനുഭാവികളായ ഈഴവ സമുദായ അംഗങ്ങളുടെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും യോഗം വിളിച്ചു ചേര്‍ത്ത് വോട്ടുചോര്‍ച്ച തടയാനാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എറണാകുളം അടക്കമുള്ള ജില്ലകളില്‍ യോഗങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ, പിറവം, വൈപ്പിന്‍, കുന്നത്തുനാട്, ആലുവ, കാലടി മേഖലകളിലാണ് ഇത്തരത്തില്‍ സിപിഎം പ്രധാനമായും യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈഴവ സമുദായത്തിലെ വോട്ടു ചോര്‍ച്ച തടയുന്നതിനായി കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയില്‍ ശ്രീനാരായണീയരെ ലക്ഷ്യമിട്ട് ആത്മീയാചാര്യന്റെ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടി നേരിട്ട് ഇടപെട്ടല്ല പ്രഭാഷണം നടത്തിയതെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് അറിയുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ വോട്ടു ചോര്‍ച്ച തടയുന്നതിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി ക്ഷേമസമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുമായി കൂട്ടു ചേര്‍ന്ന് ബിഡിജെഎസ് മല്‍സരിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിനു പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഈഴവ സമുദായത്തിന്റെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെയും വോട്ടുകളില്‍ കുറവുണ്ടാവുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായാല്‍ അത് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ഭരണത്തിലെത്താമെന്ന പ്രതീക്ഷയ്ക്കും തിരിച്ചടിയാവുമെന്നും സിപിഎം വിലയിരുത്തുന്നു. ബിഡിജെഎസിനെ കൂട്ടുപിടിച്ച് ഏതു വിധേനയും നിയമസഭയില്‍ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി ഈ സാഹചര്യത്തില്‍ ഈഴവ സമുദായത്തില്‍ നിന്നു വോട്ടുകള്‍ ചോരാതിരിക്കാനുള്ള തീവ്ര യത്‌നത്തിലാണ് സിപിഎം.
Next Story

RELATED STORIES

Share it