kannur local

പട്ടാളത്തിന്റെ നോട്ടീസ്; ആയിക്കരയില്‍ സംയുക്ത സര്‍വേ ഇന്ന്

കണ്ണൂര്‍: മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ 97 ഓളം പേര്‍ക്ക് ഒഴിഞ്ഞുപോവാന്‍ പട്ടാളം നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ ആയിക്കരയില്‍ ഇന്ന് സംയുക്ത സര്‍വേ നടത്തും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗതീരുമാന പ്രകാരമാണ് സ്ഥല ഉടമസ്ഥാവകാശം നിര്‍ണയിക്കാനായി സംയുക്ത സര്‍വേ നടത്താന്‍ തീരുമാനിച്ചത്. ആശങ്കയിലായ തദ്ദേശ വാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു.
മല്‍സ്യഫെഡ് ഓഫിസിന്റെ തെക്കുഭാഗം മുതല്‍ ആയിക്കര വരെ മൂന്നേക്കര്‍ ഭൂമി പട്ടാളത്തിന്റേതാണെന്നാണ് നോട്ടിസിലെ അവകാശവാദം. ഇവിടെ താമസിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നവര്‍ 2016 ആവുമ്പോഴേക്കും ഒഴിയണമെന്നും നോട്ടിസില്‍ നിര്‍ദേശമുണ്ട്.
കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനോടൊപ്പം മല്‍സ്യബന്ധന മേഖലയെ പൂര്‍ണമായും സ്തംഭിപ്പിക്കുന്ന വിധത്തിലാണ് പട്ടാളം അധികൃതരുടെ നടപടി. സ്ഥലം വിട്ടുനല്‍കിയാല്‍ ആയിക്കരയിലെ മാപ്പിളബേ ഹാര്‍ബറിന്റെ ആദ്യഗേറ്റ് വരെ പട്ടാളത്തിന്റെ കീഴിലാവും. ഇതോടെ മാപ്പിളബേ ഹാര്‍ബര്‍ രണ്ടായി വിഭജിക്കപ്പെടും.
പട്ടാളത്തിന്റെ വാദമനുസരിച്ച് ഹാര്‍ബറിന്റെ ഒരുഭാഗം അവരുടേതും മറുഭാഗം റവന്യൂ വകുപ്പിന്റേതുമാണ്. സാധാരണയായി പട്ടാളത്തിന്റെ അധീനതയിലുള്ള ഭൂമി മതില്‍കെട്ടി തിരിക്കുകയാണു ചെയ്യാറുള്ളത്. ആയിക്കരയിലും അത്തരത്തില്‍ മതില്‍ കെട്ടുകയാണെങ്കില്‍ നിരവധി മല്‍സ്യത്തൊഴിലാളികളെ ഇതു ബാധിക്കും.
നിലവില്‍ ഹാര്‍ബറും പരിസരവും കേന്ദ്രീകരിച്ച് വലക്കാരും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഉള്‍പ്പെടെ 5000ത്തോളം പേരാണ് ഇവിടെ തൊഴിലെടുത്ത് ജീവിക്കുന്നത്.
Next Story

RELATED STORIES

Share it