പട്ടാമ്പി ഗവ. സംസ്‌കൃത കോളജില്‍ കവിതാ കാര്‍ണിവലിന് തുടക്കം

പട്ടാമ്പി: പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജില്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനതലത്തില്‍ നിന്നുള്ള കവികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കവിതാ കാര്‍ണിവെല്ലിന് കോളജ് ഓഡിറ്റോറിയത്തില്‍ തുടക്കമായി.
മലയാള കവിതയില്‍ ഭാവുകത്വപരമായ വിച്ഛേദം സൃഷ്ടിച്ച പുതുകവിത 25 വര്‍ഷം പിന്നിടുമ്പോള്‍ വ്യത്യസ്തധാരകളെ സമഗ്രമായി അവതരിപ്പിക്കുന്ന ഒരു ബൃഹത് സംഗമം കേരളത്തില്‍ ഇതാദ്യമാണെന്ന് കാര്‍ണിവെലില്‍ പങ്കെടുത്ത കവികള്‍ അഭിപ്രായപ്പെട്ടു.
തമിഴും മലയാളവും സമ്മിശ്രമായി കലര്‍ന്ന കേരള-തമിഴ്‌നാട് അതിര്‍ത്തികളിലെ ലിപിയില്ലാത്ത ഗോത്രവര്‍ഗ ഭാഷയായ മുതുവാനില്‍ കവിത അവതരിപ്പിച്ച് പ്രമുഖ കവി അശോകന്‍ മറയൂര്‍ കവിതാ കാര്‍ണിവെലിന് തുടക്കമിട്ടു.
ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങളിലെ നിത്യദുരിതങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ആദ്യ കവിത. പിന്നീട് പ്രകൃതിയെ അശാസ്ത്രീയമായി ചൂഷണം ചെയ്യുന്ന മാഫിയക്കാര്‍ക്കും കുടുംബബന്ധങ്ങള്‍ ശിഥിലീകരിക്കുന്ന പുതു തലമുറകള്‍ക്കുമുള്ള താക്കീതുമായിരുന്നു ഉള്ളടക്കം.
ഭാവന കൂടാതെ ആസ്വദിക്കാനാവാത്ത ഭാഷയാണ് കവിതയുടേതെന്ന് കവി കല്‍പ്പറ്റ നാരായണന്‍ തന്റെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ചില അടിയന്തരഘട്ടത്തില്‍ കവിതകള്‍ വിപ്ലവാത്മകമായിട്ടുണ്ടെന്നുവച്ച് കവിതയില്‍ വിപ്ലവം കാണുന്നത് ശരിയല്ലെന്ന് പ്രാസംഗികര്‍ പലരും അഭിപ്രായപ്പെട്ടു. തിളനില എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ കെ എം ഷാജിക്ക് നല്‍കിക്കൊണ്ട് കവി ആറ്റൂര്‍ രവിവര്‍മ നിര്‍വഹിച്ചു. രണ്ടു ദിവസങ്ങളില്‍ രാത്രിയും പകലുമായി നടക്കുന്ന കവിതാകാര്‍ണിവെലില്‍ ഒമ്പത് ഇനങ്ങളിലായി സംവാദങ്ങളും അഞ്ച് ഇനങ്ങളിലായി പ്രഭാഷണങ്ങളും അരങ്ങേറും. ഓപ്പണ്‍ ഫോറം, സെമിനാര്‍, പുസ്തകോല്‍സവം, ചൊല്‍ക്കാഴ്ചകള്‍, നാടകം, ചിത്രപ്രദര്‍ശനം, ഒറ്റ കവിതാ പഠനങ്ങള്‍, ആനിമേഷന്‍, പോയട്രി ഇന്‍സ്റ്റലേഷന്‍ എന്നിവയും കാര്‍ണിവെലില്‍ ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it