പട്ടാമ്പിയില്‍ വിദ്യാര്‍ഥി നേതാവിനെ കളത്തിലിറക്കി എസ്ഡിപിഐ

പട്ടാമ്പി: ജെഎന്‍യു വിഷയം ഏറ്റവുമാദ്യം ചര്‍ച്ചയില്‍ വരാനിടയായ പട്ടാമ്പി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ചിത്രം മാറുന്നു.
സിറ്റിങ് എംഎല്‍എ സി പി മുഹമ്മദ് യു ഡിഎഫിനെയും ജെഎന്‍യു വിദ്യാര്‍ഥി മുഹ്‌സിന്‍ എല്‍ഡിഎഫിനെയും പ്രതിനിധീകരിക്കുമെന്നാണ് ഇതുവരെയുണ്ടായിരുന്ന ധാരണ. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും ദേശീയ തലത്തില്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സി എ റഊഫിനെയാണ് എസ്ഡിപിഐ പട്ടാമ്പിയില്‍ രംഗത്തിറക്കിയിരിക്കുന്നത്. ജെഎന്‍യുവിലുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ രാഷ്ട്രീയമായി മുതലാക്കാനുള്ള ഇടതുപദ്ധതിയാണ് ഇതിലൂടെ പാളിയത്.
ഒരുപതിറ്റാണ്ടു കാലമായി കേരളത്തിലെ വിദ്യാര്‍ഥി സംഘാടനത്തിലും സമരങ്ങളിലും സജീവ സാന്നിധ്യമായ സി എ റഊഫ് ദേശീയ തലത്തിലും നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
2005ല്‍ കേരളത്തില്‍ കാംപസ് ഫ്രണ്ട് രൂപീകരിക്കുമ്പോള്‍ പ്രഥമ സംസ്ഥാനകമ്മിറ്റിയംഗമായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങളും വഹിച്ചിട്ടുണ്ട്. 2009ല്‍ കാംപസ് ഫ്രണ്ട് ദേശീയതലത്തിലേക്ക് വ്യാപിച്ചപ്പോള്‍ സംഘടനയുടെ പ്രഥമ ദേശീയ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വിവിധ സംസ്ഥാനങ്ങളിലെ സംഘാടനത്തിന്റെയും സമരങ്ങളുടെയും അനുഭവങ്ങള്‍ പ്രചാരണരംഗത്ത് ഉയര്‍ത്തിക്കാട്ടി സ്വാധീനമുറപ്പിക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്.
മലയാള സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ സി എ റഊഫ് സര്‍വകലാശാലയിലെ മുന്‍ ഫാക്കല്‍റ്റി മെമ്പര്‍ കൂടിയാണ്.
സിറ്റിങ്് എംഎല്‍എ സി പി മുഹമ്മദ് യുഡി എഫ് സ്ഥാനാര്‍ഥിയാണെന്ന് ഏതാണ്ട് ധാരണയായെങ്കിലും മുന്നണിയിലും പാര്‍ട്ടി ഘടകങ്ങളിലും വേണ്ടത്ര സ്വീകാര്യമായിട്ടില്ലെന്നാണ് അണിയറയില്‍ നിന്നുള്ള വാര്‍ത്തകള്‍.
സിറ്റിങ് എംഎല്‍എയുടെ അഴിമതിയുടെയും പെരുപ്പിച്ച വികസനത്തെയും തുറന്നുകാട്ടിയായിരിക്കും എസ്ഡിപിഐ യുഡിഎഫിനെ നേരിടുക.
Next Story

RELATED STORIES

Share it