palakkad local

പട്ടാമ്പിയില്‍ പുതിയ പാലം നിര്‍മാണം; പുഴയിലെ പാറ പരിശോധന തുടങ്ങി

ആനക്കര: നിളയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുളള തീരദേശ റോഡും പട്ടാമ്പിയില്‍ പുതുതായി നിര്‍മിക്കുന്ന പാലവും ന്യൂഇയര്‍ സമ്മാനമാകും.
മലപ്പുറം-പാലക്കാട് ജില്ലയെ ബന്ധിപ്പിക്കുന്ന തരത്തില്‍ നിളാ തീരത്തുകൂടി കുറ്റിപ്പുറം മുതല്‍ ഷൊര്‍ണൂര്‍വരെ നീളുന്ന തീരദേശറോഡും ഉള്‍പ്പെടുന്നതാണ് പദ്ധതി. മലപ്പുറം-പാലക്കാട് ജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാകുന്നതിന് പുറമെ ഈ പദ്ധതി വഴി ജില്ലയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമാകും.
പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം ഉള്‍പ്പെടെയുളള പ്രധാന ക്ഷേത്രങ്ങളെല്ലാം ഈ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന് പുറമെ റോഡ് കടന്നുപോകുന്നത് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിനടുത്ത പ്രദേശത്തുകൂടിയുമാണ്. മലപ്പുറം പാലക്കാട്-ജില്ലയെ ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ നിന്ന് ആരംഭിക്കുന്ന തങ്ങള്‍പ്പടി റോഡില്‍ നിന്ന് കാറ്റാടിക്കടവ് പുഴയോരത്തുകൂടിയാണ് തീരദേശറോഡ് ആരംഭിക്കുന്നത്.
ഇത് പിന്നീട് പട്ടാമ്പിയിലെ പുതിയ പാലം, ചെങ്ങണാംകുന്ന് വഴിയാണ് ഷൊറണൂരിലെത്തുന്നത്. പുതിയ പാലത്തിന് പുഴയില്‍ തൂണുകള്‍ സ്ഥാപിക്കുന്നതിനായുള്ള പാറ പരിശോധനയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുളളത്.
2015-16ലെ സംസ്ഥാന സര്‍ക്കാരിന്റെ ഡിസ്ട്രിക്ട് ഫഌഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് (ഡി.എഫ്.ഐ.പി.) പ്രകാരം 3771 കോടിയുടെ റോഡ് വികസനപദ്ധതിയിലാണ് ഇതുള്‍പ്പെടുന്നത്.
നിലവിലുള്ളത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോസ് വേ കൈവരികള്‍ പോലുമില്ലാതെ ശോച്യാവസ്ഥയിലാണ്. വീതിയും ഉയരവും കുറഞ്ഞ കോസ്‌വേ ആയാണ് നിലവിലെ പാലക്കാട്-തൃശൂര്‍-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പട്ടാമ്പി പാലമുള്ളത്. രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാനാവില്ല. പാലത്തില്‍ വാഹനക്കുരുക്കും പതിവാണ്.
തൃത്താല എംഎല്‍എ വി ടി ബല്‍റാം, പട്ടാമ്പി എംഎല്‍എ സി പി മുഹമ്മദ് എന്നിവരുടെ ശ്രമഫലമായിട്ടാണ് പുതിയ പാലവും തീരദേശ റോഡും വരുന്നത്. പുഴയില്‍ എത്ര ആഴത്തില്‍ പാറ കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ എസ്റ്റിമേറ്റ് ഉള്‍പ്പെടെയുളളവ തയ്യാറാക്കുക.
Next Story

RELATED STORIES

Share it