പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പണം നല്‍കുന്ന വീഡിയോ പുറത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

പാലക്കാട്: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പട്ടാമ്പി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നു രാവിലെയാണ് ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലുടെയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചത്.
പട്ടാമ്പി വിളയൂരിലെ ഒരു വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സി പി മുഹമ്മദ് തുറന്ന വാതിലിനടുത്തു നിന്ന സ്ത്രീക്ക് ഇടതുകൈ കൊണ്ട് മടിയില്‍ നിന്നു പണമെടുത്ത് വലതുകൈയിലാക്കി നല്‍കുന്നതായി വീഡിയോയിലുള്ളത്. വോട്ടര്‍ക്ക് പണം കൊടുത്തു സ്വാധീനിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു കാട്ടി എല്‍ഡിഎഫ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാല്‍, യുഡിഎഫ് സംഭവത്തെക്കുറിച്ച് ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഥാനാര്‍ഥി സി പി മുഹമ്മദും ഇതേവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സി പി മുഹമ്മദിനെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.
ജനപ്രാതിനിധ്യ നിയമമനുസരിച്ച് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ആയതിനാല്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടത്തിയ സി പി മുഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തിന് അയോഗ്യത കല്‍പ്പിക്കണമെന്നും അദ്ദേഹത്തിനെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it