പട്ടയ ഭൂമിയിലെ ക്വാറികളും ക്രഷറുകളും; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: പട്ടയഭൂമിയില്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കാര്‍ഷിക, പാര്‍പ്പിട ആവശ്യത്തിനു നല്‍കിയ പട്ടയഭൂമിയില്‍ ഖനനം നടത്താന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് സ്‌റ്റേ ചെയ്തത്. സര്‍ക്കാരുള്‍പ്പെടെ എതിര്‍കക്ഷികളോട് കോടതി വിശദീകരണം തേടി.
ഭൂമി പതിച്ചുനല്‍കല്‍ നിയമപ്രകാരവും വനസംരക്ഷണ നിയമപ്രകാരവും പട്ടയഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കാനാവില്ല. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചതിനു നടപടികള്‍ നേരിടുന്ന ക്വാറി ഉടമകളെ സഹായിക്കാനാണു സര്‍ക്കാരിന്റെ നടപടിയെന്നാ ആരോപിച്ച് എറണാകുളം സ്വദേശി മനു ആനന്ദ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ നവംബര്‍ 11നാണ് ഭരണപരമായ ഉത്തരവിലൂടെ പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷര്‍, എംസാന്‍ഡ് യൂനിറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി ഉത്തരവിലൂടെ ഉള്‍പ്പെടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നവയും പ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നവയുമായ പട്ടയഭൂമിയിലെ ക്വാറി ഉടമകള്‍ അപേക്ഷ നല്‍കിയാല്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ക്വാറികള്‍, ക്രഷറുകള്‍, എംസാന്‍ഡ് യൂനിറ്റുകള്‍ എന്നിവയ്ക്കാണ് ഇപ്രകാരം പ്രവര്‍ത്തനാനുമതി ലഭിക്കുക.
നിയമലംഘനത്തിന്റെ പേരില്‍ നടപടി നേരിടുന്ന അയ്യമ്പുഴയിലെ ഏഞ്ചല്‍ ഗ്രാനൈറ്റ്‌സിന് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ഉത്തരവ് കാരണമായതായി ചൂണ്ടിക്കാട്ടിയാണു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. വനഭൂമി ഉള്‍പ്പെടെയുള്ളിടങ്ങളില്‍ ഇത്തരം ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കുന്നതാണ് ഉത്തരവെന്ന് ആരോപിച്ചാണ് ഹരജി. പ്രത്യേക ലക്ഷ്യത്തോടെ പട്ടയം അനുവദിച്ച് നല്‍കിയ ഭൂമിയില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെ എങ്ങിനെ സാധൂകരിച്ച് അനുമതി നല്‍കാനാവുമെന്ന് ഹരജി പരിഗണിക്കവേ കോടതി ചോദിച്ചു. പ്രത്യേക ചട്ടവും നിയമവുമൊക്കെ നിലവിലിരിക്കെ ഇതെങ്ങിനെ സാധ്യമാവുമെന്നും കോടതി ചോദിച്ചു.
Next Story

RELATED STORIES

Share it