wayanad local

പട്ടയം കിട്ടിയതിന്റെ ആശ്വാസത്തില്‍ മുത്തങ്ങ സമരക്കാര്‍

പനമരം: ഒരു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തങ്ങയിലെ സമരക്കാര്‍ക്ക് പട്ടയം കിട്ടിയതിന്റെ ആശ്വാസം. ഇന്നലെ രാവിലെ 12ഓടെ പനമരം ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആശ്വാസ കിരണം പദ്ധതി പ്രകാരം മന്ത്രി പി കെ ജയലക്ഷ്മിയാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരേക്കര്‍ സ്ഥലത്തിന്റെ പട്ടയം നല്‍കിയത്. സമരത്തിന്റെ കറുത്ത ഓര്‍മകളുമായാണ് പലരും ചടങ്ങിനെത്തിയത്.
പീഡനത്തിന്റെ കഥകളായിരുന്നു പലര്‍ക്കും പറയാനുണ്ടായിരുന്നത്. മാനന്തവാടി പഞ്ചായത്തിലെ നെല്ലാട്ട് കോളനിയിലെ 77കാരി വെള്ള പട്ടയം വാങ്ങാനെത്തിയതു ഭര്‍ത്താവ് ജാച്ചന്റെ ഓര്‍മകളുമായാണ്. മുത്തങ്ങ സമരത്തോടനുബന്ധിച്ച് പോലിസ് പീഡനത്തില്‍ ജാച്ചന് ഗുരുതരമായി പരിക്കേരുന്നു. തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് ജാച്ചന്‍ മരിച്ചു. ഇതിലും വ്യത്യസ്തമായ കഥയാണ് കുറുമന് പറയാനുള്ളത്.
നാലു മാസത്തോളം കോഴിക്കോട് ജയിലില്‍ കഴിഞ്ഞു. ഭാര്യ വൈത്തിരി ജയിലിലും. ഇവരുടെ വലത് കൈക്ക് വെടിയേറ്റതിനാല്‍ ചലനശേഷി നഷ്ടപ്പെട്ടു. പലരും ഇതിനോടകം ഭൂമി ലഭിക്കാതെ തന്നെ മരിച്ചു. വൈകിയാണെങ്കിലും സമരക്കാരോടുള്ള സര്‍ക്കാരിന്റെ കനിവിന് നന്ദിയുണ്ടെന്ന് ആദിവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it