thrissur local

പടിഞ്ഞാറെ കോട്ട ജങ്ഷന്‍ വികസന മറവില്‍ വന്‍ അഴിമതിയും തട്ടിപ്പുമെന്ന്

തൃശൂര്‍: യുഡിഎഫ് ഭരണത്തില്‍ പടിഞ്ഞാറെകോട്ട വികസനത്തിന്റെ പേരില്‍ നടന്നത് വന്‍ അഴിമതിയും തട്ടിപ്പുമാണെന്ന് കൗണ്‍സിലര്‍ പി സുകുമാരന്‍. കഴിഞ്ഞ കൗണ്‍സില്‍യോഗത്തിലാണ് പടിഞ്ഞാറെകോട്ടയില്‍ 'വികസനം' നടന്ന പ്രദേശമായ പൂത്തോള്‍ ഡിവിഷന്റെ കൗണ്‍സിലറായ സുകുമാരന്‍ ആരോപണം ഉന്നയിച്ചത്.
വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിച്ച പത്തു കുടംബങ്ങളെ തെരുവാധാരമാക്കിയെന്നും സുകുമാരന്‍ ആക്ഷേപിച്ചു. ജങ്ഷന്‍ വികസനമെന്നപേരില്‍ ഒരു ഭാഗം മാത്രം പൊളിച്ച് കുടിയൊഴിപ്പിച്ചതിന് പിന്നിലെ യഥാര്‍ഥ ലക്ഷ്യം ജങ്ഷന്‍ വികസനമായിരുന്നില്ലെന്നും തൊട്ടടുത്ത ബഹുനില കെട്ടിടത്തിനു വ്യാപാരസൗകര്യം ഒരുക്കി കൊടുക്കലായിരുന്നുവെന്നു സുകുമാരന്‍ പറഞ്ഞു.
കെട്ടിടത്തിന് മുന്നിലെ കുടിലുകളും മറ്റും പൊളിച്ചുകളഞ്ഞതു ബഹുനില സമുച്ചയത്തിന് വ്യാപാരമുഖം ലഭിക്കാനായിരുന്നുവെന്നും പ്രയോജനം ലഭിച്ചതു കെട്ടിട ഉമടക്കുമാത്രണെന്നും ലക്ഷങ്ങളുടെ അഴിമതിയാണിതിന് പിന്നിലെന്നും സുകുമാരന്‍ ആരോപിച്ചു. പത്തു വീട്ടുകാര്‍ക്ക് സ്ഥലത്തുതന്നെ ഫഌറ്റ് പണിതു നല്‍കാമെന്ന വാഗ്ദാനം ചെയ്തായിരുന്നു വികസനനടപടി.മുന്‍മേയറെ കണ്ട് പരാതി പറയാന്‍ എത്തിയ ത്രേസ്യ എന്ന വൃദ്ധ ചോംബറില്‍ വീണ് പരിക്കേറ്റ് ഇപ്പോഴും ചികില്‍സയിലാണ്.
ഒരു ലക്ഷത്തോളം രൂപ ചിലവായി. സഹായത്തിനായി മുന്‍ മേയര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ വെറും 500 രൂപയാണ് നല്‍കിയതെന്നും, പ്രതിഷേധിച്ച് ത്രേസ്യ തുക തന്നെ വാങ്ങിയില്ലെന്നും സുകുമാരന്‍ പറഞ്ഞു. ത്രേസ്യക്കു സഹായം നല്‍കണമെന്നും ത്രേസ്യയുടെ തെരുവാധാരമായ രണ്ട് പെണ്‍മക്കള്‍ക്കു ആശ്വാസം നല്‍കണമെന്നും ഫഌറ്റ് പണിത് നല്‍കാമെന്ന വാഗ്ദാനം പാലിക്കുകയും ജങ്ഷന്‍ വികസനം നടപ്പാക്കുകയും വേണമെന്നും സുകുമാരന്‍ ആവശ്യപ്പെട്ടു.
സുകുമാരന്റെ ആരോപണത്തില്‍ പ്രതികരിക്കേണ്ട മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരുംതന്നെ മറുപടി പറയുകയോ പ്രതികരിക്കുകയോ ചെയ്തില്ല. നഗരത്തിലെ ജങ്ഷന്‍ വികസനങ്ങള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ ഉണ്ടെന്നും അവ പരിശോധിക്കണമെന്നും സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട ആവശ്യപ്പെട്ടു. സുകുമാരന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വേണ്ട നടപടിയെടുക്കാമെന്ന് മേയര്‍ അജിത ജയരാജന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it