Kottayam Local

പടിഞ്ഞാറന്‍ ബൈപാസ് : തുടര്‍നടപടി ആരംഭിക്കണമെന്ന ആവശ്യം ശക്തം

ചങ്ങനാശ്ശേരി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കിഴക്കന്‍ ബൈപാസ് യാഥാര്‍ത്ഥ്യമായതിനു പിന്നാലെ പടിഞ്ഞാറന്‍ ബൈപാസ്സിന്റെ രൂപരേഖക്കും സൂപ്രണ്ടിങ് എന്‍ജിനീയറുടെ അംഗീകാരം ലഭിച്ചെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. ഇതേത്തുടര്‍ന്നു എല്ലാം തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. ഇതിന്റെ നിര്‍മാണത്തിനായി 57 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.
എം സി റോഡില്‍ പാലാത്രച്ചിറയില്‍ നിന്നാരംഭിച്ച് എംസി റോഡിലെതന്നെ ളായിക്കാട്ട് അവസാനിക്കുന്നതാണ് കിഴക്കന്‍ ബൈപ്പസ്. ഇതിനു സമാന്തരമായി പാലാത്രച്ചിറ തടിമില്ലിനു സമീപത്തുനിന്ന് ആരംഭിച്ച് കോണത്തോട് ക്ഷേത്രത്തിന്റെ പിന്നിലൂടെ കുറ്റിശ്ശേരിക്കടവ്, പറാല്‍ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തുകൂടി വെട്ടിത്തുരുത്തിലെത്തി എസി(ആലപ്പുഴ-ചങ്ങനാശ്ശേരി) റോഡും എസി കനാലും മുറിച്ചു കടന്ന് പെരുമ്പുഴ കടവ് വഴി ളായിക്കാട്ട് അവസാനിക്കുന്നതാണ് പടിഞ്ഞാറന്‍ ബൈപാസ്.
ഇതുകൂടി യാഥാര്‍ത്ഥ്യമാവുന്നതോടെ നഗരത്തെ വലയം ചെയ്യുന്ന റിങ് റോഡായി രൂപം പ്രാപിക്കുന്നതോടൊപ്പം കോട്ടയം, തിരുവല്ലാ, ആലപ്പുഴ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് ചങ്ങനാശ്ശേരി പട്ടണത്തില്‍ പ്രവേശിക്കാതെ തന്നെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കുമളി ഭാഗങ്ങളിലേക്ക് പോവാനാവും. എട്ടു കി.മീ.ദൈര്‍ഘ്യം വരുന്ന ബൈപാസിന് 7.5 മീറ്റര്‍ വീതിയില്‍ ടാറിങ് നടക്കുമെന്നും ഇതിനായി 15 മീറ്റര്‍ വീതിയിലായിരിക്കും റോഡ് നിര്‍മിക്കുകയെന്നും പറഞ്ഞിരുന്നു. ഇതിനായി 25 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുമെന്നും പറഞ്ഞിരുന്നു. 95 ശതമാനവും പാടങ്ങള്‍ക്ക് നടുവിലൂടെ പോവുന്ന ബൈപാസില്‍ കുറ്റിശ്ശേരിക്കടവ്, വെട്ടിത്തുരുത്ത്, പെരുമ്പുഴക്കടവ് എന്നിവിടങ്ങളില്‍ നാല് വലിയ പാലങ്ങളുമുണ്ടാവും. റോഡ് മുറിച്ചു കടന്നുപോവുന്ന എസി റോഡിലും എസി കനാലിലും ഫ്‌ളൈ ഓവറുകളും നിര്‍മിക്കും.
പറാല്‍ വെട്ടിത്തുരുത്ത്, കാവാലിക്കര, മൂലേപ്പുതുവല്‍, കോമങ്കേരിച്ചിറ, അറുന്നൂറില്‍ പുതുവല്‍, നക്രാപുതുവല്‍, കക്കാട്ടുടവ്, പൂവ്വം എന്നീ ഭാഗങ്ങളിലൂടെ കടന്നുപോവുന്നതുകാരണം ഈ പ്രദേശങ്ങലുടെ വികസനത്തിന് ബൈപാസ് ഏറെ സഹായകരമായിരിക്കുമെന്നൊക്കെയായിരുന്നു പ്രതീക്ഷ. വില്ലേജ് സര്‍വേയിലെ ലിത്തോ മാപ്പ് ശേഖരിക്കുന്നതോടെ മാത്രമെ ഏതൊക്കെ സര്‍വേ നമ്പരുളള സ്ഥലത്തുകൂടിയാണ് ബൈപ്പാസ് കടന്നു പോവുന്നതെന്ന് വ്യക്തമാവൂ. ഏറിയ ഭാഗവും പാടങ്ങള്‍ക്കു നടുവിലൂടെ കടന്നുപോവുന്നതുകാരണം പരമാവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നഷ്ടമുണ്ടാവില്ലെന്ന പ്രത്യേകതയും ഈ ബൈപാസിനുണ്ട്.
ഇതു യാഥാര്‍ത്ഥ്യമാവാന്‍ ഏറ്റവും കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് പറയുന്നതെങ്കിലും ഇനിയും അതിനായി സ്ഥലമെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. ഇതിനിടിയല്‍ ഇതിന്റെ രൂപരേഖയില്‍ മാറ്റം ആവശ്യപ്പെട്ട് ചിലര്‍ കോടതിയ സമീപിച്ചതായും അറിയുന്നു. ഇതോടെ പദ്ധതിതന്നെ അവതാളത്തിലായോ എന്ന സംശയത്തിലാണ് ജനങ്ങള്‍.
Next Story

RELATED STORIES

Share it