malappuram local

പടലപ്പിണക്കം; മലപ്പുറം നഗരസഭാ ഭരണം ലീഗിന് കുരുക്കാവുന്നു

മലപ്പുറം: മലപ്പുറം നഗരസഭയില്‍ ഭരണ മുന്നണിയിലെ പടലപ്പിണക്കം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നതായി പരാതി. ഭരണം നടത്തുന്ന യുഡിഎഫിലെ ഒന്നാം കക്ഷിയായ മുസ്‌ലിംലീഗിനുള്ളിലെ പടലപ്പിണക്കങ്ങളാണ് ഭരണത്തിനു വിഘാതമാവുന്നതെന്നാണ് പറയപ്പെടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ വികാരം പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.
മുസ്‌ലിംലീഗിനുള്ളിലും വിഷയം അടക്കിപ്പിടിച്ച ചര്‍ച്ചകള്‍ക്കിടയാക്കുന്നുണ്ട്. നഗരസഭയില്‍ പാര്‍ട്ടിയും ഭരണ നേതൃത്വവും ഒറ്റക്കെട്ടാണെങ്കിലും ഭരണ ചക്രം തിരിച്ചിരുന്ന നേതാവിനെ ഒറ്റപ്പെടുത്തിയതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. നേരത്തെ കെ പി മുസ്തഫ ചെയര്‍മാനായിരുന്നപ്പോള്‍ വലംകൈയ്യായിരുന്ന പരി അബ്ദുല്‍ മജീദിനെയാണ് പാര്‍ട്ടി ഒതുക്കിയത്. മജീദിനെതിരെ വ്യാപക പരാതികളുയര്‍ന്നിരുന്നു.
സര്‍ട്ടിഫിക്കറ്റ് തിരുത്തലടക്കം പിടിക്കപ്പെട്ടതോടെ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശയുണ്ടായിരുന്നെങ്കിലും പാണക്കാട് കുടുംബവുമായുള്ള അടുപ്പം മൂലം ഇത് അട്ടിമറിക്കപ്പെടുകയായിരുന്നു. പരി മജീദാണ് ഭരണം നടത്തുന്നതെന്ന പ്രതീതി നേരത്തെ നിലവിലുണ്ടായിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നെങ്കിലും കെ പി മുസ്തഫക്ക് ലീഗ് നേതാക്കളുടെയടുത്തുള്ള സ്വാധീനം മൂലം പരസ്യമായി ഏറ്റുമുട്ടാന്‍ മുനിസിപ്പല്‍ മുസ്‌ലിംലീഗ് നേതൃത്വം ധൈര്യപ്പെട്ടിരുന്നില്ല. ഇത്തവണ ചെയര്‍പേഴ്‌സണും ഭരണമുന്നണിയിലെ കൗണ്‍സിലര്‍മാരും പാര്‍ട്ടിക്കൊപ്പം ഒറ്റക്കെട്ടാണ്. മജീദിന്റെ ശുപാര്‍ശയില്‍ ഒന്നും ചെയ്തു കൊടുക്കരുതെന്ന് ഇവര്‍ക്ക് നിര്‍ദ്ദേശവുമുണ്ടത്രെ. കെഎസ്ഇബി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടി ഇത്തരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതാണ് മജീദിനെ അസ്വസ്ഥനാക്കുന്നത്. മുന്‍ ഭരണ സമിതിയുടെ പല പ്രവര്‍ത്തനങ്ങളും പുതിയ ഭരണ സമിതി അട്ടിമറിക്കുന്നുവെന്ന് കാണിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതില്‍ മജീദിനെ അനുകൂലിക്കുന്നവരാണെന്ന പക്ഷമാണ് പാര്‍ട്ടിയുടേത്.
വൈഫൈ, അക്ഷയ പാത്രം തുടങ്ങി നഗരസഭക്ക് നഷ്ടം മാത്രം വരുത്തിവെക്കുന്നതും ജനങ്ങള്‍ക്കു കാര്യമാത്ര പ്രയോജനമില്ലാത്തതുമായ പദ്ധതികള്‍ക്ക് പാര്‍ട്ടി എതിരായിരുന്നെങ്കിലും മജീദും മുസ്തഫയും ചേര്‍ന്ന് ഇത് നടപ്പാക്കുകയായിരുന്നുവത്രെ. ഇത്തവണ ഈ ഇടപെടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മജീദിന് പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കിയത്. ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനം തന്നെ പാണക്കാട് കുടുംബത്തിന്റെ നിര്‍ബന്ധത്തിന്റെ പേരിലാണത്രെ നല്‍കിയത്. മജീദിന്റെ ഓഫിസ് മുകള്‍ നിലയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അന്നു തന്നെ പാണക്കാട് നിന്നും നിര്‍ദ്ദേശമെത്തുകയും ഓഫിസ് താഴെ നിലയിലേക്കു തന്നെ മാറ്റുകയും ചെയ്തിരു ന്നു.
നഗരസഭ സെക്രട്ടറിയെ കൂട്ടുപിടിച്ച് രാത്രികാലങ്ങളില്‍ പോലും മജീദ് നഗരസഭ ഓഫിസില്‍ തമ്പടിക്കുന്നതും ഫയലുകള്‍ പരിശോധിക്കുന്നതും പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it