Districts

പടയണി ജനകീയ അനുഷ്ഠാനകല: കടമ്മനിട്ട വാസുദേവന്‍ പിള്ള

പത്തനംതിട്ട: മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള ജനകീയ അനുഷ്ഠാന കലാരൂപമാണ് പടേനി അഥവാ പടയണി. ഒരു കലാരൂപം എന്നതിനേക്കാള്‍ പടേനി ഒരു സംസ്‌കാരവിശേഷമാണെന്നും പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള.പമ്പാനദിക്ക് അക്കരയിക്കരെ മനുഷ്യര്‍ കൂട്ടായ വാസം ആരംഭിച്ചകാലംമുതലുള്ള സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും അനുഭവങ്ങളും സൗന്ദര്യബോധവും ഒക്കെ കൂടിക്കലര്‍ന്ന ഒരു സംസ്‌കാരമാണ് പടേനി സംസ്‌കാരം.

അതിനെ പമ്പാനദീതട സംസ്‌കാരം എന്നു വിളിക്കുന്നതാവും ഏറെ ശരി. പ്രാകൃത സംസ്‌കാരത്തില്‍ അടിവേരുകളിറക്കി, ശാക്തേയ സംസ്‌കാരത്തിലൂടെ വളര്‍ന്ന്, ശൈവ സംസ്‌കാരത്തിലെത്തി പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു കൂറ്റന്‍ വടവൃക്ഷമാണ് പടേനി. ക്രൂരമായ ഒരു ഭരണസംവിധാനം നിലവില്‍ അതിനെ ഗളഹസ്തം ചെയ്തുകൊണ്ട് പുതിയൊരു ഭരണസംവിധാനം നിലവില്‍വരുന്നു. ജനങ്ങള്‍ക്കാകെ സമാശ്വാസം. നിനച്ചിരിക്കാത്ത അവസരത്തില്‍ പുതിയ ഭരണസംവിധാനം പഴയതിനേക്കാള്‍ പതിന്‍മടങ്ങ് ക്രൂരമായി മാറിയാലോ? പുതിയ ഭരണസംവിധാനത്തെ നേര്‍വഴിക്കുവരുത്താന്‍ നടത്തുന്ന ശക്തമായ ജനകീയ പോരാട്ടമാണു പടേനി.

ദാരികാസുരവധാനന്തരം രക്തദാഹിയായി മാറുന്ന ഭദ്രകാളിയെ സാന്ത്വനിപ്പിക്കാന്‍ ശിവനും കൂട്ടരും നടത്തുന്ന പരിശ്രമങ്ങളുടെ തനിയാവര്‍ത്തനമല്ല, അനുകരണമാണ് പടേനി. അതില്‍ കൊട്ടുണ്ട്, പാട്ടുണ്ട്, തുള്ളലുണ്ട്, നാടകമുണ്ട്, സംഗീതശാസ്ത്രമുണ്ട്, സാമ്പത്തിക ശാസ്ത്രമുണ്ട്, വൈദ്യശാസ്ത്രമുണ്ട്, മന്ത്രവാദമുണ്ട്, ശബ്ദശാസ്ത്രമുണ്ട്, വെളിച്ചത്തിന്റെ ശാസ്ത്രമുണ്ട്, സര്‍വോപരി മനുഷ്യന്റെ പച്ചയായ ജീവിതശാസ്ത്രമുണ്ട്.

കടിച്ചുകീറി ചോരയൂറ്റിക്കുടിക്കുന്ന ദുര്‍ദേവതയാണു പലര്‍ക്കും യക്ഷി. എന്നാല്‍, യക്ഷി പടേനിക്കാരന്റെ ആരാധ്യദേവതയാണ്. യക്ഷി, യക്കിയാണ്; യക്കി, ജക്കിയാണ്; ജക്കി, രക്കിയാണ്; രക്കി, രക്ഷിയാണ്; രക്ഷിക്കുന്നവളാണ്- ആലില്‍ യക്ഷിയുണ്ട്; പനയില്‍ യക്ഷിയുണ്ട്; പാലയില്‍ യക്ഷിയുണ്ട്; പനച്ചിയില്‍ യക്ഷിയുണ്ട്; ചൂരലില്‍ യക്ഷിയുണ്ട്. ആലിലെ യക്ഷി പ്രാണവായുവാണ്. പനയ്ക്കു മുകളില്‍ ഓസോണ്‍ പാടയെന്ന യക്ഷിയാണ്. ശുദ്ധമായ പ്രകൃതിയാണ് സുന്ദരയക്ഷി!! അതാണു നമ്മുടെ കാവുകള്‍. കാവില്ലെങ്കില്‍ കുളമില്ല; കാവുതീണ്ടരുത്, കുളം വറ്റും. പടേനിക്കാരന്റെ അനുഭവം. കാളി, പ്രകൃതിയാണ്. പ്രകൃതിക്കു തീപിടിച്ചാലത്തെ കഥ പറയേണ്ടല്ലോ; തീ പിടിക്കാതെ നോക്കുന്നത് പടേനി സമൂഹമാണ്!.
Next Story

RELATED STORIES

Share it