പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്റെ മരണം: നാല് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പുത്തനത്താണി: മുസ്‌ലിംലീഗിന്റെ ആഹ്ലാദപ്രകടനത്തിനിടെ പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനും എസ്‌വൈഎസ് യൂനിറ്റ് പ്രസിഡന്റുമായിരുന്ന വരമ്പനാല ചെറവന്നൂര്‍ അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ ഹംസകുട്ടി എന്ന കുഞ്ഞിപ്പ (48) കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ 4 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
വരമ്പനാല ചെറവന്നൂര്‍ സ്വദേശികളായ കടായിക്കല്‍ മൊയ്തീന്‍കുട്ടി എന്ന ബഷീര്‍ (44), തറമ്മല്‍ മുഹമ്മദ് (38), അത്തിക്കല്‍ സൂപ്പി ഹാജി (63), പാറമ്മലങ്ങാടി സ്വദേശി അബ്ദുര്‍ ബാസിത്ത് (22) എന്നിവരെയാണ് വളാഞ്ചേരി സിഐ കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം ലീഗ് പ്രവര്‍ത്തകരാണെന്നും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സിഐ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ തിരൂര്‍ മണ്ഡലം ലീഗ് സ്ഥാനാര്‍ഥി സി മമ്മുട്ടിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം. വീട്ടിലേക്ക് പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് ഹംസകുട്ടിയും ലീഗ്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഹംസകുട്ടി ഉടനെ കുഴഞ്ഞുവീഴുകയുമായിരുന്നു.
തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ് ഹംസകുട്ടിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നതായി സിഐ അറിയിച്ചു.
Next Story

RELATED STORIES

Share it