malappuram local

പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് അടച്ചുപൂട്ടിയിട്ട് ഒരുവര്‍ഷം

തിരൂര്‍: തിരുനാവായ ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള പട്ടര്‍നടക്കാവ് ചന്തപ്പറമ്പിലെ ഷോപ്പിങ് കോംപ്ലക്‌സ് അടച്ചുപൂട്ടിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ആവശ്യമായ രേഖകളില്ലാതെയും ഭീമമായ വാടക കുടിശ്ശിക നടത്തിയുമാണ് വ്യാപാരം നടത്തുന്നതെന്ന് കാണിച്ചാണ് 2014 ഡിസംബര്‍ 25ന് 32 കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്‌സ് പോലിസ് സഹായത്തോടെ അധികൃതര്‍ അടച്ചുപൂട്ടിയത്.
ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പഞ്ചായത്തിന് നഷ്ടമാകുന്നത്. 13 ലക്ഷം കുടിശ്ശിക വരുത്തിയെന്നാരോപിച്ചാണ് പഞ്ചായത്ത് അധികാരികള്‍ വ്യാപാരികള്‍ക്കെതിരെ നടപടിയെടുത്തത്. അതിനെതിരെ വ്യാപാരികള്‍ കോടതിയില്‍നിന്നും അനുകൂല വിധി സമ്പാദിച്ചു.
എല്ലാവിധ നിയമാനുസൃത രേഖകളോടും കൂടി 30 വര്‍ഷത്തിലധികമായി വ്യാപാരം നടത്തിയെന്നും 2014 മാര്‍ച്ച് വരെ വാടകയടച്ചിട്ടുണ്ടെന്നുമാണ് വ്യാപാരികള്‍ പറഞ്ഞത്. പഞ്ചായത്ത് അധികാരികള്‍ മേല്‍ക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച് മുറികള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചു. രേഖകളുണ്ടെന്ന് പറഞ്ഞവരോട് അവ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ വിധിക്ക് സ്റ്റേ വാങ്ങി. അതോടെയാണ് ഷോപ്പിങ് കോംപ്ലക്‌സ് അടഞ്ഞുകിടക്കാന്‍ തുടങ്ങിയത്.
ഇരുപതോളം പേരാണ് ഈ കെട്ടിടത്തില്‍ കച്ചവടം നടത്തിയിരുന്നത്. പട്ടര്‍നടക്കാവില്‍ ഏറ്റവും വലിയ വ്യാപാരം നടന്നിരുന്ന ഷോപ്പിങ് കോംപ്ലക്‌സ് അടഞ്ഞുകിടക്കാന്‍ തുടങ്ങിയത്. ഇരുപതോളം പേരാണ് ഈ കെട്ടിടത്തില്‍ കച്ചവടം നടത്തിയിരുന്നത്. പട്ടര്‍നടക്കാവില്‍ ഏറ്റവും വലിയ വ്യാപാരം നടന്നിരുന്ന ഷോപ്പിങ് കോംപ്ലക്‌സാണിത്. 2016 ഫെബ്രുവരിയില്‍ അധികാരമേല്‍ക്കുന്ന അടുത്ത ഭരണ സമിതിയില്‍ നീതി പൂര്‍വമായ നിലപാടെടുക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. എന്നാല്‍ വ്യാപാരികള്‍ തങ്ങളുടെ കൈവശമുള്ള രേഖകള്‍ സമര്‍പ്പിച്ച് പ്രശ്‌നപരിഹാരത്തിന് തയ്യാറാവണമെന്ന നിലപാടാണ് പുതിയ ഭരണസമിതി അംഗങ്ങള്‍ക്കുള്ളത്.
പഴയതും പുതിയതുമായ കെട്ടിടങ്ങളിലായി 32 മുറികളാണുള്ളത്. അതിലെ പുതിയ കെട്ടിടം 10 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ധനകാര്യസ്ഥാപനത്തില്‍ നിന്നും വായ്പയെടുത്താണ് പണിതത്. കടമുറികള്‍ അടഞ്ഞുകിടക്കുന്നതിനാലും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും കെട്ടിടങ്ങള്‍ ജീര്‍ണിച്ചു നശിക്കുകയാണ്. അതിനൊരു പരിഹാരമെന്നത് പുതിയ ഭരണസമിതിക്ക് വലിയ വെല്ലുവിളിയാകും.
Next Story

RELATED STORIES

Share it