kannur local

പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ്; സംഘര്‍ഷാവസ്ഥ

വളപട്ടണം: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ്‌കുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററുകള്‍ വിതരണം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്.
വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് വനിതാ നേതാവുമായ പുതിയതെരു ഹൈവേയ്ക്കു സമീപത്തെ മനോരമയുടെ വീട്ടിലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. നികേഷ്‌കുമാറിനെ മോശമായി ചിത്രീകരിക്കുന്ന നോട്ടീസ് വിതരണത്തിന് സൂക്ഷിച്ചെന്നാരോപിച്ച് ഒരുസംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇവരുടെ വീടിനു സമീപം തടിച്ചുകൂടി. ഇതിനിടെ ഒരുസംഘം വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും മനോരമയെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. വിവരമറിഞ്ഞ് വളപട്ടണത്തു നിന്ന് പോലിസെത്തി വീട്ടില്‍ റെയ്ഡ് നടത്തി. നികേഷ് കുമാറിന്റെ വഞ്ചനാകേസുകള്‍ സംബന്ധിച്ച പോസ്റ്ററും ലഘുലേഖകളുടെ ശേഖരവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇത് പരിസരത്തെയും മണ്ഡലത്തിലെയും വീടുകളില്‍ വിതരണം ചെയ്‌തെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഇതോടെ വാക്കേറ്റവും സംഘര്‍ഷാവസ്ഥയുമുണ്ടായി.
അഴീക്കോട് മണ്ഡലം മുന്‍ എംഎല്‍എ എം പ്രകാശന്‍, വയക്കാടി ബാലകൃഷ്ണന്‍, അരക്കന്‍ബാലന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രശാന്തന്‍, കെ വി ഷക്കീല്‍, എം വി മഹമൂദ്, എ എന്‍ സലീം തുടങ്ങിയ സിപിഎം നേതാക്കള്‍ കൂടിയെത്തിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി.
നേരത്തേ പാലോട്ടുവയലില്‍ ഇത്തരം പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യുകയായിരുന്ന രണ്ടു വനിതകളുള്‍പ്പെടെ നാലു യുഡിഎഫ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, സിപിഎം പ്രവര്‍ത്തകര്‍ മനോരമയെ വീട്ടില്‍ക്കയറി ആക്രമിച്ചെന്നും ഉപകരണങ്ങള്‍ നശിപ്പിച്ചെന്നും യുഡിഎഫ് ആരോപിച്ചു. മനോരമയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് നടപടിക്കെതിരേ യുഡിഎഫും മുസ്‌ലിംലീഗും രംഗത്തെത്തി. ആശുപത്രിയില്‍ ചികില്‍സ തേടിയ മനോരമയെ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെ എം ഷാജി എംഎല്‍എ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it