thiruvananthapuram local

പഞ്ചായത്ത് കെട്ടിടത്തില്‍ വിള്ളല്‍; നിര്‍മാണത്തില്‍ അപാകതയെന്ന് ആരോപണം

കല്ലമ്പലം: എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ച് ആറുമാസം മുമ്പ് നിര്‍മിച്ച ഒറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് മന്ദിരത്തിന്റെ ചുവരുകളില്‍ വിള്ളല്‍. നിര്‍മാണത്തിലെ അപാകതയും അഴിമതിയുമാണ് വിള്ളലിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
അഡ്വ. ബി സത്യന്‍ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നാണ് കെട്ടിട നിര്‍മാണത്തിന് തുക അനുവദിച്ചത്. 2014 സപ്തംബറില്‍ എംഎല്‍എയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 2015 ആഗസ്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മന്ദിരോദ്ഘാടനം നടത്തി. മുന്‍ വശത്തെ മുറിയിലെ ചുവരിലുള്ള പൊട്ടല്‍ നീളത്തിലുള്ളതാണ്.
തൊട്ടടുത്ത പ്രസിഡന്റിന്റെ മുറിയിലെ മൂന്ന് ചുവരുകളും പൊട്ടിയ നിലയിലാണ്. താഴത്തെ നിലയിലെ ഒട്ടുമിക്ക ചുവരുകളും പൊട്ടിയതോടെ ജോലി ചെയ്യുന്ന ജീവനക്കാരും ആശങ്കയിലാണ്.
താഴത്തെനിലയില്‍ നിന്നു മുകളിലത്തെ നിലയിലെത്തുമ്പോള്‍ പൊട്ടല്‍ വ്യാപകമാണ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ മുറിയില്‍ പൊട്ടലിന് പുറമെ ചുവരുകളും അടര്‍ന്നുവീണിട്ടുണ്ട്.
മഴക്കാലം ആരംഭിക്കുന്നതോടെ ചുവരുകളിലെ വിള്ളലുകളിലൂടെ വെള്ളമിറങ്ങി കെട്ടിടം അപകടവസ്ഥയിലാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it