wayanad local

പഞ്ചായത്തുകള്‍ ഇഎംഎസ് പദ്ധതി ബാധ്യത ഒഴിവാക്കുന്നു

പുല്‍പ്പള്ളി: 10 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുണ്ടായിരുന്നിട്ടും ഇതിനു മുമ്പേ പണമടച്ചു തീര്‍ത്ത് പല പഞ്ചായത്തുകളും ഇഎംഎസ് ഭവന നിര്‍മാണ ബാധ്യതകള്‍ അവസാനിപ്പിക്കുന്നു. തൊട്ടുപിന്നാലെ പുതിയ ഭവന പദ്ധതികളുടെ ആലോചനയിലും നിര്‍വഹണത്തിലുമാണ് പല ഗ്രാമപ്പഞ്ചായത്തുകളും.
ഇഎംഎസ് ഭവന നിര്‍മാണ പദ്ധതിയുടെ ബാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാലയളവില്‍ പല പഞ്ചായത്തുകളിലും പുതിയ പദ്ധതികളൊന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ അനുമതിയോടെ ഗ്രാമപ്പഞ്ചായത്തുകള്‍ അതാതു പ്രദേശത്തെ ബാങ്കുകളില്‍ നിന്നു വായ്പയെടുത്തായിരുന്നു ആറു വര്‍ഷം മുമ്പ് ഇഎംഎസ് ഭവന നിര്‍മാണ പദ്ധതി ആരംഭിച്ചത്.
2005ല്‍ നിലവില്‍വന്ന ഭരണസമിതികളുടെ അവസാന വര്‍ഷമാണ് ഗ്രാമപ്പഞ്ചായത്തുകളില്‍ ഇഎംഎസ് ഭവന പദ്ധതി ആരംഭിച്ചത്. ഓരോ പഞ്ചായത്തുകളിലും ശരാശരി 500 വീടുകള്‍ വീതം നിര്‍മിക്കാന്‍ കഴിഞ്ഞു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ പദ്ധതി പ്രകാരം 800ഓളം വീടുകളും പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തില്‍ 600ഓളം വീടുകളുമാണ് നിര്‍മിച്ചത്.
തിരിച്ചടവിന് 10 വര്‍ഷം കാലാവധിയുണ്ടായിരുന്നുവെങ്കിലും പദ്ധതി വിഹിതത്തിന്റെ ഫണ്ട് ലാപ്‌സാവാതിരിക്കാനായി സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ചെലവാകാതെ മിച്ചംവന്ന ഫണ്ട് മുഴുവനും പദ്ധതിയുടെ ബാധ്യതയിലേക്ക് അടയ്ക്കുകയായിരുന്നു.
ധനകാര്യവകുപ്പും ആസൂത്രണ വിഭാഗവും അതിന് അനുമതി നല്‍കുകയും ചെയ്തു. ഇക്കാരണത്താല്‍ പല പഞ്ചായത്തുകളിലും പദ്ധതിയുടെ ബാധ്യതകള്‍ അഞ്ചു വര്‍ഷംകൊണ്ട് തന്നെ അവസാനിച്ചു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ ഇഎംഎസ് ഭവനനിര്‍മാണ പദ്ധതിയുടെ ബാധ്യതകള്‍ അവസാനിപ്പിച്ച് പുതിയ പദ്ധതിക്കുള്ള അംഗീകാരം നേടിയിരുന്നു. പദ്ധതി പ്രകാരം പുല്‍പ്പള്ളി പഞ്ചായത്തില്‍ 200 വീടുകള്‍ക്കും മുള്ളന്‍കൊല്ലിയില്‍ 150 വീടുകളുമാണ് നിര്‍മിക്കുന്നത്.
Next Story

RELATED STORIES

Share it