പഞ്ചായത്തുകളുടെ ശാക്തീകരണം: ലോകബാങ്കിന്റെ 400 കോടി കൂടി

തിരുവനന്തപുരം: പഞ്ചായത്ത് ശാക്തീകരണ പദ്ധതിയായ കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രൊജക്റ്റിന് ലോകബാങ്കിന്റെ 400 കോടി രൂപയുടെ അധികസഹായം. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 1195.8 കോടി രൂപയാണ് നേരത്തേ അനുവദിച്ചിരുന്നത്. ഇതില്‍ 1,039 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. ഡോളര്‍ വിനിമയനിരക്കിലുണ്ടായ മാറ്റത്തിന്റെ ഭാഗമായി പദ്ധതിക്കു ലഭിക്കേണ്ട 400 കോടി രൂപ കൂടി അനുവദിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തേ ലോകബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രി എം കെ മുനീറിനെയും കണ്ട ലോകബാങ്ക് സംഘമാണ് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചത്.

അധികം ലഭിക്കുന്ന തുക പിന്നാക്കപഞ്ചായത്തുകളുടെ അഭിവൃദ്ധിക്കും ട്രൈബല്‍ ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 31നു പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതിയുടെ വിപുലീകരണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും ലോകബാങ്ക് അംഗീകരിച്ചു.
2017 ജൂണ്‍ 30 വരെയാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനും വിപുലീകരണത്തിനും സംസ്ഥാനത്തിന് സാവകാശം ലഭിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഫാക്ടിന്റെ കൈവശമുള്ള 150 ഏക്കര്‍ ഭൂമി പെറ്റ്‌കോക് വൈദ്യുതപദ്ധതിക്കായി വിട്ടുനല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എറണാകുളം ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന വില നല്‍കി ഈ ഭൂമി വാങ്ങാന്‍ കെഎസ്‌ഐഡിസിക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. ഈ വിവരം കേന്ദസര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എടവണ്ണയില്‍ പുതിയ സബ് രജിസ്ട്രാര്‍ ഓഫിസ് ആരംഭിക്കും. തിരുവനന്തപുരം ചെറുവയ്ക്കലിലെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയിരുന്ന ഭൂമിയില്‍ 75 സെന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും 25 സെന്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഫൗണ്ടേഷന് വര്‍ക്കലയില്‍ 4.05 ആര്‍ ഭൂമിയും ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 14.46 ആര്‍ ഭൂമി അവര്‍ക്കു സൗജന്യമായി നല്‍കാനും തീരുമാനിച്ചു. പട്ടം വില്ലേജില്‍ സിഡിറ്റിന് 15 സെന്റും സംസ്ഥാന ഐടി മിഷന് 45 സെന്റ് ഭൂമി നല്‍കുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
Next Story

RELATED STORIES

Share it