Kollam Local

പഞ്ചായത്തുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും ബജറ്റ് അവതരിപ്പിച്ചു

കരുനാഗപ്പള്ളി: കാര്‍ഷികമേഖലയ്ക്കും ഭവനനിര്‍മാണത്തിനും മുന്‍ഗണന നല്‍കികൊണ്ട് ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പാസാക്കി. 78021439 രൂപ വരവും 73203000രൂപ ചെലവും 4818439രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ വൈസ്പ്രസിഡന്റ് എസ് ശ്രീകല അവതരിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് എം ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. എല്ലാവര്‍ക്കും ഭൂമി, വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ 50ലക്ഷം രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക ഗ്രാമമാക്കിക്കൊണ്ട് പാല്‍, പച്ചക്കറി, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുവേണ്ടി 1850000രൂപ നീക്കിവെച്ചിട്ടുണ്ട്. മൃഗസംരക്ഷണമേഖലയ്ക്ക് ഒമ്പതുലക്ഷം രൂപയും പൊതുമരാമത്തിന് 16500000രൂപയും വിദ്യാഭ്യാസം, ആരോഗ്യം മേഖലയ്ക്ക് 20ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണത്തിന് 12500000രൂപയും കുടിവെള്ള ശുചിത്യമേഖലയ്ക്ക് 1000000രൂപയും ചെറുകിട വ്യവസായം, പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിന് 2500000രൂപയും സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിന് 3000000രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വരവിള മനേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ബിന്ദു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സി എന്‍ ഉമയമ്മ, എ ഷാജി, ക്ലാപ്പന ഷിബു, എ ഷാജഹാന്‍ കൊല്ലടിയില്‍ രാധാകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബി രേവമ്മ, നിര്‍വഹണ ഉദ്യോഗസ്ഥരായ ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍ എം ഷെരീഫ്അഹമ്മദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റീന തോംസണ്‍, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാന്‍സി കരീം, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി എം ഷെരീഫ്, വിഇഒ പ്രേംകുമാര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജെ മേരിലത പങ്കെടുത്തു.
പത്തനാപുരം: പത്തനാപുരം ഗ്രാമപ്പഞ്ചായത്തില്‍ 167475079 രൂപ വരവും 163056250രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഐക്യകണ്‌ഠേന പാസാക്കി. അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നവീകരണം, പബ്ലിക്ക് മാര്‍ക്കറ്റ് നവീകരണം, ആധുനിക അറവുശാല നിര്‍മാണം, ഗ്യാസ് ക്രിമിറ്റോറിയം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും ബജറ്റ് വര്‍ഷം തന്നെ നടപ്പിലാക്കുന്നതിന് ലക്ഷ്യമിടുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനം ലക്ഷ്യമാക്കി സ്ത്രീസൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഷീടാക്‌സി പദ്ധതി നടപ്പിലാക്കുന്നതിനും സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മല്‍സ്യ ഉല്‍പ്പാദനവിപണന പദ്ധതി നടപ്പിലാക്കി സ്ത്രീകള്‍ക്ക് അധിക തൊഴിലവസരം സൃഷ്ടിക്കാനും ബജറ്റില്‍ പദ്ധതിയുണ്ട്. പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെ നിഷ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് എച്ച് നെജീബ് അധ്യക്ഷത വഹിച്ചു.
പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തേക്കുള്ള 19,33,83,010 രൂപ വരവും 18,35,52,000 രൂപ ചെലവും 9,83,1010 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ റഷീദ് അവതരിപ്പിച്ചു. പ്രസിഡന്റ് പി എസ് ശശികല അധ്യക്ഷത വഹിച്ചു. ഉല്‍പ്പാദമേഖലയ്ക്ക് 8,820000രൂപയും സേവനമേഖലയ്ക്ക് 72, 200000 രൂപയും പശ്ചാത്തലമേഖലയ്ക്ക് 10,700000രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷികമേഖലയ്ക്കും ഭവനനിര്‍മാണമുള്‍പ്പടെ ദാരിദ്ര്യലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കും ബ്ജറ്റില്‍ മുന്‍തൂക്കം നല്‍കിട്ടുണ്ടെന്നും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മൂന്നുകോടി രൂപ, ക്ഷേമ പെന്‍ഷനുകള്‍ക്ക് അഞ്ചുകോടി രൂപ, ഭവനിര്‍മാണത്തിന് 85ലക്ഷംരൂ, കൃഷി മേഖലയ്ക്ക് മാത്രം 47ലക്ഷം രൂപ എന്നിവ ഉള്‍പ്പെടുത്തുന്നു. ബജറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഭേദഗതികളോടെ ബജറ്റ് ഐക്യകണ്‌ഠേന പാസാക്കിയതായി പ്രസിഡന്റ്, വൈസ്പ്രസിഡന്റ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കരുനാഗപ്പള്ളി: കാര്‍ഷികമേഖലയ്ക്കും ഓച്ചിറയെ സമ്പൂര്‍ണ ശുചിത്യമാക്കുന്നതിനും മുന്‍ഗണന നല്‍കി 123048588രൂപ വരവും 118913800രൂപ ചെലവും 4134788രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ഓച്ചിറ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ് വൈസ്പ്രസിഡന്റ് എസ് ഗീതാകുമാരി അവതരിപ്പിച്ചു. പ്രസിഡന്റ് അയ്യാണിക്കല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും ശുചിത്യമിഷന്റെ സഹകരണത്തോടെ എല്ലാ വീടുകളിലും ശൗചാലയം നിര്‍മിക്കുന്നതിനു മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ സംസ്‌ക്കരിക്കുന്നതിനായി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ബജറ്റ് മുന്‍ഗണന നല്‍കുന്നു. മൃഗസംരക്ഷണം, റോഡ് വികസനം, സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി സിന്ധു, ലത്തീഫാബീവി, എസ് മഹിളാമണി, മെംബര്‍മാരായ ജി വിക്രമന്‍, ആര്‍ ഡി പത്മകുമാര്‍, മനുഭായി സംസാരിച്ചു.
Next Story

RELATED STORIES

Share it