Alappuzha local

പഞ്ചായത്തിലും ബ്ലോക്കിലും നാലു കമ്മിറ്റി; ജില്ലാ പഞ്ചായത്തില്‍ അഞ്ച്, നഗരസഭയില്‍ ആറ്

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഡിസം. രണ്ടിനകം പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കമാരംഭിച്ചു.
ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും എന്നീ നാലു സ്റ്റാന്റിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ അഞ്ചു സ്റ്റാന്റിങ് കമ്മിറ്റികളാണുള്ളത്. ധനകാര്യം, വികസനം, പൊതുമരാമത്ത്, ക്ഷേമകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും എന്നിവയാണിവ. നഗരസഭകളില്‍ ആറു സ്റ്റാന്റിങ് കമ്മിറ്റികളാണുള്ളത്. ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസകലാകായിക കാര്യം എന്നിവയാണിവ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ആകെ സ്ഥാനങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെയും അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. അഞ്ചു പൂര്‍ണ ദിവസം മുമ്പ് നോട്ടീസ് നല്‍കിയാണ് വരണാധികാരി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള യോഗം വിളിക്കുക. സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനു ശേഷം അഞ്ചു ദിവസത്തിനുള്ളില്‍ ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പു നടക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് രണ്ടു പൂര്‍ണദിവസം മുമ്പ് നോട്ടീസ് നല്‍കും. അതത് സ്റ്റാന്റിങ് കമ്മിറ്റിയിലെ അംഗങ്ങളില്‍നിന്നാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സ്റ്റാന്റിങ് കമ്മിറ്റികളിലെയും ഒരു സ്ഥാനം സ്്രതീക്ക് സംവരണം ചെയ്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപാധ്യക്ഷന്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ അംഗവും ചെയര്‍മാനുമായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരു സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെടും.
Next Story

RELATED STORIES

Share it