Idukki local

പഞ്ചായത്തിന്റെ ശൗചാലയ സംരക്ഷണ ഭിത്തിയെ ചൊല്ലി തര്‍ക്കം; പാലം പണി തടസ്സപ്പെട്ടു

വണ്ടിപ്പെരിയാര്‍: പഞ്ചായത്തിന്റെ ശൗചാലയത്തിന്റെ സംരക്ഷണ ഭിത്തിയെ ചൊല്ലിയുള്ള തര്‍ക്കം പാലം പണി തടസപ്പെട്ടു. വണ്ടിപ്പെരിയാര്‍ ടൗണില്‍ പുതിയതായി നിര്‍മിക്കുന്ന പാലത്തിന്റെ ഫില്ലര്‍ പണിയാന്‍ എക്‌സകവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുമ്പോഴാണ് തര്‍ക്കം ഉണ്ടായത്. പഞ്ചായത്ത് സെക്രട്ടറിയാണ് തര്‍ക്കവുമായി രംഗത്ത് വന്നത്.
പാലത്തിന്റെ അടി ഭാഗത്തായി പഞ്ചായത്തിന്റെ ശൗചാലയം ഉണ്ട്. പാലം നിര്‍മാണത്തിനായി ശൗചാലയത്തിന്റെ മുന്‍ഭാഗത്തെ 3.7 മീറ്റര്‍ സ്ഥലം പഞ്ചായത്ത് അധിക്യതര്‍ വിട്ടു നല്‍കിയതാണ്.ശൗചാലയത്തിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് മാറ്റിയാല്‍ മാത്രമെ ഫില്ലര്‍ കുഴി എടുക്കാന്‍ കഴിയുകയുള്ളു.കഴിഞ്ഞ ദിവസം തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കരാറുകാരന്‍ ഈ ഭാഗത്ത് പണി നിര്‍ത്തിവച്ചിരുന്നു.കരാറുകാരന്റെ ആവശ്യ പ്രകാരം ഇന്നലെ ദേശീയ പാത അസി. എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്തെത്തി. മണ്ണ് നീക്കാനുള്ള പണികള്‍ക്ക് നിര്‍ദേശം നല്‍കി.
ഇതിനിടയില്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് എത്തി. ശൗചാലത്തിന്റെ ഭിത്തി ഇടിക്കാന്‍ പാടില്ലെന്നും വേറെ നിര്‍മിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു.ഇതോടെ തര്‍ക്കം ഉടലെടുത്തു.ഒരു മണിക്കൂറോളം തര്‍ക്കം നീണ്ടു. പണി നിര്‍ത്തി വയ്ക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് പ്രസിഡന്റിനെ ദേശീയപാത അധിക്യതര്‍ ബന്ധപ്പെട്ടു. പ്രസിഡന്റ് സ്ഥലത്തെത്തി. പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം പണികള്‍ വീണ്ടും തുടങ്ങി. സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന സെക്രട്ടറിയുടെ ആവശ്യം തള്ളി. 113 വര്‍ഷത്തിനു ശേഷമാണ് നിലവിലുള്ള പാലത്തിനു പകരമായി പുതിയത് പണിയുന്നത്. ദേശീയ ഉപരിതല ഗതാഗത വകുപ്പ് 9.50 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്.
പണി പൂര്‍ത്തീകരിച്ച് സര്‍ക്കാരിനു കൈ മാറിയതിനു ശേഷം മാത്രമെ കരാറുകാരന് തുക ലഭിക്കുകയുള്ളു.
Next Story

RELATED STORIES

Share it