thiruvananthapuram local

പഞ്ചായത്തിന്റെയും അധികൃതരുടെയും അവഗണന; മിനിയും മൂന്നു മക്കളും വഴിയാധാരം

കിളിമാനൂര്‍: നിയമം എല്ലാവര്‍ക്കും ഒരുപോലെയെന്നു പറയുമെങ്കിലും കിളിമാനൂര്‍ പഞ്ചായത്തില്‍ നിര്‍ധനരായ പട്ടികജാതി യുവതിയെയും മൂന്നു മക്കളെയും ഇല്ലാത്ത നിയമത്തിന്റെ പേരില്‍ പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വട്ടം ചുറ്റിക്കുന്നു. കിളിമാനൂര്‍ പോങ്ങനാട് കിളിക്കോട്ടുകോണം മിനിമോള്‍ ഭവനില്‍ മനോജിന്റെ ഭാര്യ മിനിയെയാണ് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും അവഗണിക്കുന്നത്. ഇന്ദിര ആവാസ് യോജന പദ്ധതി പ്രാകാരം മിനിക്ക് വീട് അനുവദിച്ചിരുന്നു. അന്ന് തുടങ്ങിയതാണ് ഈ യുവതിയുടെ ദുരിത ജീവിതം. വീട് അനുവദിച്ചതോടെ ഉണ്ടായിരുന്ന വീട് പൊളിച്ചുകളഞ്ഞു. മൂന്നുമക്കളുമായി പിതാവ് രാജന്റെ വീട്ടിലേക്ക് താമസം മാറി. പിതാവ് വിവാഹവേളയില്‍ നല്‍കിയ രണ്ടു സെന്റ് പുരയിടത്തിലാണ് വീട് ഉണ്ടായിരുന്നത്. ഉണ്ടായിരുന്ന വീട് പൊളിച്ചതോടെ അയല്‍പ്പക്കത്തെ ചിലര്‍ക്ക് ഈ രണ്ടു സെന്റ് ഭൂമിയോട് മോഹം വന്നു. ഇതിനുപുറമേ പട്ടികജാതിക്കാര്‍ അയല്‍പക്കത്ത് വേണ്ടന്ന പിടിവാശിയും ഉയര്‍ന്നു. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപയാണ് കിട്ടുക. രണ്ടു തവണയായി 57,500 രൂപ കൈപറ്റുകയും വീട് പണി കട്ടിളപൊക്കം ആവുകയും ചെയ്തു. ഇതോടെ ഇവര്‍ ഇവിടെ താമസിക്കാന്‍ വരുമെന്ന് ഉറപ്പാക്കിയവരിര്‍ ചിലര്‍ പരാതിയുമായി രംഗത്തുവന്നു. റോഡില്‍ നിന്നുള്ള അകലം പാലിച്ചില്ലന്നും നിശ്ചിത പ്ലാനിലല്ല വീടെന്നുമൊക്കെയാണ് പരാതി ഉയര്‍ത്തിയത്. പരാതിക്കനുകൂലമായി പ്രത്യക താല്‍പ്പര്യപ്രകാരം പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും നിലപാട് എടുക്കുകയും കര്‍ശന മാക്കുകയും ചെയ്തതോടെ മിനിയുടെയും കുട്ടികളുടെയും കാര്യം അവതാളത്തിലായി. പരിഹാരം നിര്‍ദേശിച്ച് വീട് പണി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിനു പകരം പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തങ്ങളെ വേട്ടയാടാന്‍ തുടങ്ങിയെന്ന് ഇവര്‍ പറയുന്നു. എല്ലാ തരത്തിലും പണി പൂര്‍ത്തിയാക്കാതിരിപ്പിക്കുക എന്നതായി അയാല്‍ക്കാരുടെയും പഞ്ചായത്ത് അധികൃതരുടേയും ഉദ്യോഗസ്ഥരുടെയും ലക്ഷ്യം. വിവിധ സ്ഥലങ്ങളില്‍ പരാതി നല്‍കിയിട്ടും അനുകൂലനടപടിയുണ്ടായില്ല. കശുവണ്ടി തൊഴിലാളിയായ മിനി പത്തും എട്ടും ഏഴും വയസുള്ള മൂന്നു മക്കളുമായി എന്നും മേല്‍ക്കൂര ഇല്ലാത്ത വീടിനു മുന്നിലെത്തി നെടുവീര്‍പ്പുമായി മടങ്ങുകയാണ്. തൊട്ടടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വലിയവരുടെ വീടിനു ഈ നിയമം ഇല്ലേ എന്ന് ചോദിക്കുന്ന നാട്ടുകാരും കൂട്ടത്തിലുണ്ട് എന്നത് മാത്രമാണ് ഈ കുടുംബത്തിനുള്ള ആശ്വാസം. വീടില്ലെങ്കില്‍ കുട്ടികളുമായി മരിക്കാനിടവരുമെന്നും അങ്ങനെ വന്നാല്‍ പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ പണി തീരാത്ത വീടിനുള്ളില്‍ മറവുചെയ്യണമെന്നും മിനി പറയുന്നു.
Next Story

RELATED STORIES

Share it