പഞ്ചായത്തംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: പാര്‍ട്ടി മാര്‍ഗനിര്‍ദേശം ലംഘിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയിലെത്തിയവര്‍ക്കെതിരേ കെപിസിസി നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ രണ്ടുപേരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സസ്‌പെന്റ് ചെയ്തു. മലപ്പുറം മുന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വി മധുസൂദനനും കരിമണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി എം മാനുവലുമാണ് നടപടിക്ക് വിധേയരായത്.
എല്‍ഡിഎഫിന്റെയും പിഡിപിയുടെയും പിന്തുണയോടെ മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായതിനാണ് വി മധുസൂദനെതിരേ നടപടിയെടുത്തത്. എല്‍ഡിഎഫ് പിന്തുണയോടെ ഇടുക്കി ജില്ലയിലെ ആലക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായതിനാണ് പി എം മാനുവലിനെ സസ്‌പെന്റ് ചെയ്തത്.
ത്രിതല പഞ്ചായത്ത്, നഗരസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ഭരണ സമിതി അധ്യക്ഷന്‍മാര്‍ക്കും, ഉപാധ്യക്ഷന്‍മാര്‍ക്കും വിവിധ കമ്മിറ്റികളുടെ അധ്യക്ഷന്‍മാര്‍ക്കും, കമ്മിറ്റി അംഗങ്ങള്‍ക്കും പെരുമാറ്റച്ചട്ടം രൂപീകരിക്കാനും കെപിസിസി തീരുമാനിച്ചു. ഇതിനായി കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ കണ്‍വീനറായ സമിതിക്ക് രൂപം നല്‍കി. കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, ജനറല്‍ സെക്രട്ടറിമാരായ ലതികാ സുഭാഷ്, വി എ നാരായണന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അംഗങ്ങളാണ്.
Next Story

RELATED STORIES

Share it