പഞ്ചാബ്: ആശാ കുമാരിക്ക് കോണ്‍ഗ്രസ് ചുമതല

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടി ചുമതലയുള്ള സെക്രട്ടറിയായി ആശാകുമാരിയെ കോണ്‍ഗ്രസ് നിശ്ചയിച്ചു. ഭൂമി കൈയേറ്റ കേസില്‍ ശിക്ഷിക്കപ്പെട്ട ആശാ കുമാരിയുടെ നിയമനം വിവാദമായിട്ടുണ്ട്. പഞ്ചാബില്‍ പാര്‍ട്ടിയുടെ ചുമതലയില്‍ കമല്‍നാഥിനെ നേരത്തേ നിയമിച്ചിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് ആശാകുമാരിയെ നിയമിച്ചത്.
ഹിമാചല്‍പ്രദേശിലെ ഡല്‍ഹൗസി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ആശാകുമാരി. ഭൂമി കൈയേറ്റക്കേസില്‍ ഒരു വര്‍ഷത്തെ തടവിന് ഛംബ കോടതി ശിക്ഷിച്ച അവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കോടതി അവര്‍ക്ക് 8,000 രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ ഹിമാചല്‍പ്രദേശ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. നാലു തവണ എംഎല്‍എയായ ആശാകുമാരി എഐസിസി സെക്രട്ടറിയാണ്.
Next Story

RELATED STORIES

Share it