പഞ്ചാബിലെ ദലിത് പീഡനം, ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസിലെ റെയ്ഡ്; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പഞ്ചാബില്‍ ദലിത് യുവാക്കള്‍ക്കെതിരേ നടന്ന ആക്രമണം സംബന്ധിച്ച പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നലെയും ബഹളത്തില്‍ മുങ്ങി. സംസ്ഥാനത്തെ ശിരോമണി അകാലിദള്‍-ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടായിരുന്നു ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം. വിഷയം ലോക്‌സഭയില്‍ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോ ണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നല്‍കിയില്ല.
ദലിതുകളുടെ അഭിമാനവുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണിതെന്നും അതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ പെട്ടെന്ന് ചര്‍ച്ചയ്‌ക്കെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍, ചോദ്യോത്തരവേളയ്ക്കുശേഷം വിഷയം അവതരിപ്പിക്കാന്‍ സമയം അനുവദിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. അതേസമയം, സ്പീക്കറുടെ മറുപടിയില്‍ തൃപ്തരാവാത്ത പ്രതിപക്ഷം സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ മുദ്രാവാക്യംവിളികളുടെ ബഹളത്തില്‍ മുങ്ങിയ അന്തരീക്ഷത്തിലാണ് ഇന്നലെ ലോക്‌സഭയിലെ ചോദ്യോത്തരവേള പൂര്‍ത്തിയാക്കിയത്. കോ ണ്‍ഗ്രസ്, ആര്‍ജെഡി, തൃണമൂ ല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിഷയം കോണ്‍ഗ്രസ് ഇന്നലെ രാജ്യസഭയിലും ഉയര്‍ത്തി. സഭയില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന എസ്‌സി-എസ്ടി ബില്ലിന്‍മേലുള്ള ചര്‍ച്ച ബഹളം കാരണം നടന്നില്ല. പഞ്ചാബ് സംഭവത്തെ തങ്ങ ള്‍ അപലപിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. വിഷയത്തില്‍ തിങ്കളാഴ്ച രാജ്യസഭ തുടര്‍ച്ചയായി തടസ്സപ്പെട്ടിരുന്നു. എസ്‌സി-എസ്ടി ബില്ല് കോണ്‍ഗ്രസ് കൊണ്ടുവന്നതാണെന്നും അത് ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാമെന്ന് താന്‍ ഉറപ്പുതരുന്നുവെന്നും എന്നാല്‍, ഈ ബഹളത്തിനിടെ അതിനു സാധിക്കില്ലെന്നും കോ ണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഓഫിസില്‍ സിബിഐ നടത്തിയ റെയ്ഡ് ഇന്നലെ രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. രാജ്യത്തെ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍നിന്ന് രക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയന്‍ ആരോപിച്ചു. തൃണമൂലിനൊപ്പം ഇടത്, കോണ്‍ഗ്രസ്, ജെഡിയു അംഗങ്ങളും റെയ്ഡില്‍ പ്രതിഷേധിച്ചു. വിവിധ വിഷയങ്ങളില്‍ ഇന്നലെ രാജ്യസഭ നിരവധി തവണ നിര്‍ത്തിവച്ചു. ഡല്‍ഹിയിലെ സിബിഐ റെയ്ഡിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ശക്തമായതോടെ രാജ്യസഭ 3.15ഓടെ പിരിഞ്ഞു.
Next Story

RELATED STORIES

Share it